c

ശക്തമായ കാറ്റിലും മഴയിലും ചേർപ്പ് പെരുവനം റോഡിൽ പോഴത്ത് ദേവദാസിന്റെ വീട്ടുവളപ്പിലെ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണ നിലയിൽ.

ചേർപ്പ് : ഇന്നലെ ഉച്ചയ്ക്കുണ്ടായ കനത്ത കാറ്റിലും മഴയിലും പെരുവനം റോഡിൽ രണ്ടിടങ്ങളിൽ കൂറ്റൻ മരങ്ങൾ കടപുഴകി. പെരുവനം പോഴത്ത് ദേവദാസ്, തൊടുകുളത്തിന് സമീപം അക്കരമുറ്റത്ത് ഇല്ലത്ത് ശ്രീദേവി എന്നിവരുടെ വീട്ടുവളപ്പിലെ മരങ്ങളാണ് റോഡിലേക്ക് വീണത്. ആളപായമില്ല. മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടി പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചു. ഇവരുടെ വീട്ടുമതിലും ഗേറ്റും റോഡിലേയ്ക്ക് തകർന്ന് വീണു. മണ്ണിടിച്ചിലുമുണ്ടായി. വാഴകളും നശിച്ചു. ചേർപ്പ് പടിഞ്ഞാട്ടുമുറി പാറാപ്പറമ്പ് റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി വീണു. പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരി സ്വദേശി പ്രദീപിന്റെ വീട്ടുവളപ്പിലെ മരവും വീടിന്റെ അരികിലേക്ക് കടപുഴകി വീണു. നാശനഷ്ടങ്ങൾ സംഭവിച്ചില്ല. പലയിടങ്ങളിലും ഫയർഫോഴ്‌സ് എത്തിയാണ് മരങ്ങൾ മുറിച്ചു മാറ്റിയത്. ഗതാഗതക്കുരുക്കുമുണ്ടായി.