കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളേജിൽ നിർമ്മാണം പൂർത്തിയായ കെട്ടിടം ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും അവിടെയുള്ള സംവിധാനങ്ങൾ സേവനത്തിനായി പ്രാപ്തമാക്കണമെന്നും മികച്ച തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സുകൾ ആരംഭിക്കണമെന്നും കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ കാരുണ്യ സംഘടനയായ സീഡ്‌സ് പൊതുയോഗം ആവശ്യപ്പെട്ടു. കോളേജിയേറ്റ് എഡ്യുക്കേഷൻ മുൻ ഡെപ്യുട്ടി ഡയറക്ടർ ഡോ. വിജയമോഹൻ ഉദ്ഘാടനം ചെയ്തു. സീഡ്‌സ് പ്രസിഡന്റ് ആര്യ രാമചന്ദ്രൻ അദ്ധ്യക്ഷയായി. പ്രൊഫ. വി.കെ. സുബൈദ അനുസ്മരണ പ്രഭാഷണം നടത്തി. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി സേവനങ്ങൾ ചെയ്യുന്ന രെജീവ് പോട്ടയിലിന് ഫിലാൻത്രോഫി എക്‌സലൻസ് അവാർഡ് നൽകി. പുതിയ ഭാരവാഹികളായി യു.കെ. വിശ്വനാഥൻ (പ്രസിഡന്റ്), വി.ആർ. സുധീഷ് (ജനറൽ സെക്രട്ടറി), സി.എസ്. സിന്ധു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.