തൃശൂർ: ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലം മാറ്റിയെന്ന് ആരോപിച്ച് പ്രതിഷേധവുമായി എക്‌സൈസ് ഉദ്യോഗസ്ഥർ രംഗത്ത്. രാഷ്ട്രീയ ഇടപടലിനെ തുടർന്നാണ് സ്ഥലം മാറ്റമെന്ന് ആരോപിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ അധിക ചുമതല വഹിക്കുന്ന അസി.എക്‌സൈസ് കമ്മിഷണറാണ് കഴിഞ്ഞ 18ന് ഉത്തരവിറക്കിയത്. എക്‌സൈസ് സ്റ്റാഫിന്റേയും ഡ്രൈവർമാരുടേയും സ്ഥലംമാറ്റ മാനദണ്ഡങ്ങളാണ് പാലിക്കാത്തത്. രണ്ട് വർഷം കഴിഞ്ഞവരെ മാറ്റാവുയെന്നും ജീവനക്കാരോട് സ്ഥലം മാറ്റത്തിന് നാല് ഓഫീസുകളുടെ പേര് ഓൺലൈനിൽ അപേക്ഷിക്കാനും ഏതെങ്കിലും ഒരു ഓഫീസ് നിർബന്ധമായും കൊടുത്തിരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഒന്നിൽ കൂടുതലാളുകൾ ഒരേ ഓഫീസ് ആവശ്യപ്പെട്ടാൽ സീനിയർക്ക് ആദ്യപരിഗണന നൽകണം. ഇത് മറികടന്ന് ഓൺലൈനിൽ അപേക്ഷിക്കാത്ത ആളുകൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ നൽകിയെന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ ആക്ഷേപം. അപേക്ഷിച്ചവർക്ക് ഒഴിവുള്ള സ്ഥലങ്ങളിൽ നൽകാതെ ദൂരസ്ഥലത്തേക്ക് സ്ഥലംമാറ്റം നൽകിയെന്നും ആരോപണമുണ്ട്. ഇതിനെതിരെ എക്‌സൈസ് കമ്മിഷണർക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ജീവനക്കാർ.


മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്തരവിറക്കിയത്. ഭരണപരമായ സൗകര്യത്തിനുള്ള ക്രമീകരണം നടത്താമെന്ന് വ്യവസ്ഥയുണ്ട്.


പി.കെ. സതീഷ്‌കുമാർ

അസി.എക്‌സൈസ് കമ്മിഷണർ

തൃശൂർ.