പാവറട്ടി: മഴയിൽ മുല്ലശ്ശേരി പഞ്ചായത്തിലെ കരിങ്കൽ ക്വാറി നിറഞ്ഞ് വീടുകളിൽ വെള്ളം കയറിയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. ഇരുപത്തിയഞ്ച് വർഷത്തോളമായി മഴക്കാലത്ത് പ്രദേശം വെള്ളക്കെട്ടിലാകും. അത്തിക്കുന്നത്ത് പ്രമോദ്, വാലത്ത് സുരേഷ്, ഒറയംപുറത്ത് സരോജിനി, വെട്ടിപ്പറ ജാനകി, കൂത്താമ്പുള്ളി വേലായുധൻ എന്നിവരുടെ വീടുകൾ ഇന്നലെ പെയ്ത മഴയോടെ വെള്ളത്തിലാണ്.

സ്വകാര്യ വൃക്തികളുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കറോളം വരുന്ന ക്വാറി പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. സമീപത്ത് സർക്കാർ ക്വാറിയുമുണ്ട്. കക്കൂസ് മാലിന്യം ഉൾപ്പെടെ നിക്ഷേപിക്കുകയാണ് ക്വാറിയിൽ. എല്ലാ വർഷവും നിറഞ്ഞൊഴുകുന്ന മലിനജലം പകർച്ചവ്യാധിക്കും കാരണമാകുന്നുണ്ട്. വെള്ളം കയറുമ്പോൾ വർഷാവർഷം ലക്ഷങ്ങൾ ചെലവഴിച്ച് മോട്ടോറിൽ പമ്പ് ചെയ്ത് പരപ്പുഴയിലേക്ക് ഒഴുക്കിവിടുകയാണ് പഞ്ചായത്തധികൃതർ. ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചാവക്കാട് തഹസിൽദാർക്കും കളക്ടർക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യ വ്യക്തികളിൽ നിന്നും ക്വാറി ഏറ്റെടുത്ത് ശുദ്ധജല സംഭരണിയാക്കണമെന്നും വെള്ളം കയറുന്ന വീട്ടുകാരെ മാറ്റി പാർപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.