പാവറട്ടി|കേച്ചേരി|ചേലക്കര|കുന്നംകുളം:ജില്ലയിൽ നാശം വിതച്ച് മിന്നൽ ചുഴലി. ഇന്നലെ ഉച്ചയ്ക്ക് ശക്തമായ മഴയോട് കൂടിയ മിന്നൽ ചുഴലിയിൽ വിവിധയിടങ്ങളിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണു. വെങ്കിടങ്ങ് പഞ്ചായത്ത് തൊയക്കാവിൽ മാർക്കറ്റ് റോഡിൽ വടക്കൻ ജേക്കബ് മകൻ വർഗീസിന്റെ വീടിന് മുകളിൽ പ്ലാവും തേക്ക് മരവും വീണ് ചുമരിൽ വിള്ളൽ വീണു. ആർക്കും പരുക്കില്ല.
പെരുവല്ലൂർ മേഖലകളിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണു. ദുരിതാശ്വാസ ക്യാമ്പ് നടക്കുന്ന പെരുവല്ലൂർ അംബേദ്കർ ഹാളിന് മുകളലേയ്ക്ക് സ്വകാര്യ വ്യക്തിയുടെ മരം വീണു.
പരപ്പുഴ പാലത്തിന് സമീപം ബണ്ട് റോഡിൽ മരം വീണതിനെ തുടർന്ന് വൈദ്യുതി കമ്പി പൊട്ടിവീണ് കരുമത്തിൽ ഹരിചന്ദ്രന്റെ പശു ഷോക്കേറ്റ് ചത്തു.

പുറനാട്ടുകരയിൽ മരം കടപുഴകി. വൈദ്യുതി പോസ്റ്റുകൾ തകർന്നു. വീടുകളും മതിലുകളും ഭാഗികമായി തകർന്നു. കേച്ചേരി, തോളൂർ, പുറനാട്ടുകര, എരുമപ്പെട്ടി, കുണ്ടന്നൂർ, വേലൂർ, കുറുമാൽ തുടങ്ങി മേഖലയിൽ വ്യാപകമായി മരം വീണു. പുറനാട്ടുകര പള്ളിക്ക് സമീപം അക്കര പട്ടയേക്കൽ ജോസിന്റെ പറമ്പിലെ തെങ്ങും മാവും ചാലക്കൽ വർഗീസിന്റെ കാറിനും കപ്പേളയുടെ മതിലിനും മുകളിലേക്ക് പതിച്ചു. പള്ളി വഴിയിൽ ഗതാഗതം തടസപ്പെട്ടു. കാർഷിക വിളകളും നശിച്ചു.

ചേലക്കര: ചേലക്കര മേഖലയിൽ മരങ്ങൾ ഒടിഞ്ഞു വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ. മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. നിരവധി മരങ്ങളും ഒടിഞ്ഞു. പുലാക്കോട്, പങ്ങാരപ്പിള്ളി, കുറുമല, പാഞ്ഞാൾ, തൃക്കണായ, എളനാട് ഭാഗങ്ങളിൽ കാറ്റ് ശക്തമായി ബാധിച്ചു. നിരവധി കൃഷിത്തോട്ടങ്ങൾ നശിച്ചു. പടിഞ്ഞാറേ പങ്ങാരപ്പിള്ളി അള്ളന്നൂർ ശ്രീനിവാസന്റെ വീട് ഭാഗികമായി തകർന്നു. കിള്ളിമംഗലം കാട്ടാട്ടുപറമ്പിൽ കുമാരന്റെ വീടിനു മുകളിലേക്ക് തേക്കു മരം ഒടിഞ്ഞുവീണു. വീട്ടമ്മ രാധാമണിക്ക് പരുക്കേറ്റു. മരം വീണ് പുലാക്കോട് ഇലവനാം കുഴി പ്രകാശന്റെ വീടും ഭാഗികമായി തകർന്നു.കുന്നംകുളം: ശക്തമായ കാറ്റിൽ കാണിപ്പയ്യൂരിൽ പനക്കപ്പറമ്പിൽ കൊച്ചുകുട്ടിയുടെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് പ്ലാവിന്റെ കൊമ്പ് വീണ് വീട് ഭാഗികമായി തകർന്നു.
കുന്നംകുളം നഗരസഭാ കൗൺസിലർമാരായ ടി.സോമശേഖരൻ, ബിജു സി.ബേബി, ഷാജി ആലിക്കൽ, മിഷാ സെബാസ്റ്റ്യൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കുന്നംകുളം സീനിയർ ഗ്രൗണ്ടിന് സമീപം വീടുകൾക്ക് മുകളിലേക്ക് മരം വീണു.
കിടങ്ങൻ വീട്ടിൽ ജോർജുകുട്ടിയുടെയും എൽജോയുടെയും വീടിന് മുകളിലേക്കും കൂറ്റൻ മരം പൊട്ടി വീണു. കൂറ്റൻ പൂമരവും സമീപത്തെ പറമ്പിലെ തേക്കുമരവുമാണ് വീണത്. ചൊവ്വന്നൂർ കല്ലഴിക്കുന്ന് അഗതിയൂർ റോഡിൽ മുത്താളി വീട്ടിൽ സുകുമാരന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. വീട്ടുടമ സുകുമാറിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചുമാറ്റുന്നതിനിടെ വീട്ടുടമ വീടിന് മുകളിൽ നിന്ന് വീണ് കാലിന് പരിക്കേറ്റു. പരിക്കേറ്റ വീട്ടുടമയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.