ചാവക്കാട്: ശക്തമായ ചുഴലിക്കാറ്റിൽ മത്സ്യബന്ധന വള്ളം അകപ്പെട്ടു, 40 ഓളം തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. മുനയ്ക്കകടവ് അഴിമുഖത്ത് മീൻ പിടിക്കാനിറങ്ങിയ ചോഴിയേരകത്ത് വാസുദേവന്റെ അപ്പുമാർ - 3 എന്ന വള്ളമാണ് ചുഴലിയിൽ പെട്ടത്. രാവിലെ ആറിന് മുനയ്ക്കകടവിൽ നിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ വള്ളം തിരിച്ച് വരുമ്പോഴായിരുന്നു അപകടം. പെട്ടന്ന് കാലാവസ്ഥ മാറിയതിൽ പരിഭ്രാന്തിയുണ്ടായെങ്കിലും മനോധൈര്യം കൊണ്ട് നേരിടുകയായിരുന്നുവെന്ന് തൊഴിലാളികൾ വിശദീകരിച്ചു. ചുഴലിയിൽ ബോട്ടിന്റെ മേൽക്കൂര പറന്നുപോയി ഒരു ലക്ഷത്തോളം നഷ്ടം സംഭവിച്ചിട്ടുണ്ട്. നിറുത്തിയിട്ട ബോട്ടുകൾ ശക്തമായ കാറ്റിൽ പരസ്പരം ഇടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മറ്റു ബോട്ട് ഉടമകൾ പറഞ്ഞു.