മണ്ണുത്തിയിൽ വൻനാശം
മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ മരം സമീപത്ത് നിറുത്തിയിട്ട കാറുകൾക്ക് മീതെ വീണു. മരക്കൊമ്പുകൾ നിലത്ത് കുത്തിനിന്നതിനാൽ വലിയ കേടുപാടുണ്ടായില്ല. ഫയർഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ചിറക്കെക്കോട് റൂട്ടിൽ റോഡിന് കുറുകെ മരം വീണ് ഗതാഗത തടസമുണ്ടായി. വൈദ്യുതി പോസ്റ്റും തകർന്നു. ഇരവിമംഗലം മേഖലയിൽ മരം വീണ് എട്ട് പോസ്റ്റ് തകർന്നു. പാണഞ്ചേരിയിൽ ആയിരത്തോളം കുലച്ച വാഴകൾ കാറ്റിൽ നിലംപൊത്തി.
തൃശൂരിൽ
പുറനാട്ടുകരയിൽ പോസ്റ്റ് ഓഫീസ് വിളക്കുംകാൽ വഴിയിൽ കാറ്റിൽ മരം വീഴുന്നത് കണ്ട് ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ പുറനാട്ടുകര സ്വദേശി നന്ദകുമാറിനെ മുതുവറ ആകട്‌സ് പ്രവർത്തകർ അമല ആശുപത്രിയിലെത്തിച്ചു. പെരുവനം റോഡിൽ രണ്ടിടങ്ങളിൽ കൂറ്റൻ മരങ്ങൾ കടപുഴകി വീണു. നിരവധിയിടങ്ങളിൽ പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധമറ്റു. കനത്ത മഴയിലും കാറ്റിലും പുറനാട്ടുകര എരനെല്ലൂർ വിഷ്ണു ക്ഷേത്രത്തിലെ കൂറ്റൻ ആൽമരം കടപുഴകി വീണു. കേച്ചേരി, തോളൂർ, പുറനാട്ടുകര, എരുമപ്പെട്ടി, കുണ്ടന്നൂർ, വേലൂർ, കുറുമാൽ എന്നിവിടങ്ങളിലെല്ലാം മരങ്ങൾ വീണിട്ടുണ്ട്.
കുന്നംകുളം മേഖലയിൽ
കുന്നംകുളം നഗരസഭാ ക്രിമറ്റോറിയത്തിന്റെ നൂറടി നീളമുള്ള പുകക്കുഴലിന്റെ 30 അടിയോളം നീളമുള്ള മുകൾഭാഗം പൊട്ടിവീണ് പ്രവർത്തനം പൂർണമായും നിലച്ചു. പുകക്കുഴൽ പൊട്ടി ക്രിമറ്റോറിയത്തിന് സമീപത്തെ മോട്ടർ പുരയുടെ ഷീറ്റിന് മുകളിലേക്ക് വീണ് മോട്ടോർ പുരയ്ക്കും കേടുപാടുണ്ടായി. ക്രിമറ്റോറിയത്തിനടുത്തുള്ള വീടുകളിലേക്ക് പുകക്കുഴൽ വീണിരുന്നെങ്കിൽ വൻ ദുരന്തമായേനെ.
ഇതേത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് സംസ്‌കരിക്കേണ്ട മൃതദേഹം മറ്റൊരു ക്രിമറ്റോറിയത്തിലേക്ക് മാറ്റി. ചൊവ്വന്നൂരിൽ ചിറ്റിലപ്പിള്ളി സൈമന്റെ കൂറ്റൻ ജാതിമരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം മുടങ്ങി. തുടർന്ന് കുന്നംകുളം അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.