chuzhali

തൃശൂർ : കഴിഞ്ഞദിവസം വിവിധ ഭാഗങ്ങളിൽ വീശിയടിച്ച മിന്നൽച്ചുഴലിയിലുണ്ടായത് കോടികളുടെ നാശനഷ്ടം. ആറ് താലൂക്കിലായി 66 വീടാണ് തകർന്നത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതടക്കം നിരവധിപേർക്ക് അന്തിയുറങ്ങാനുള്ള തണലാണ് നഷ്ടമായത്. നൂറുക്കണക്കിന് ഫലവൃക്ഷങ്ങളും വൻമരങ്ങളും നിലംപൊത്തി. ലക്ഷങ്ങളുടെ കൃഷിനാശം സംഭവിച്ചു. കാറ്റിൽ മരം വീണും മറ്റും നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്ന് കെ.എസ്.ഇ.ബിക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പലയിടങ്ങളിലും ഇന്നലെ ഉച്ചയ്ക്കുണ്ടായ കാറ്റിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നലെ വൈകീട്ടോടെയാണ് പുന:സ്ഥാപിക്കാനായത്.

വേനൽക്കാലത്തെ തീപിടിത്തങ്ങളുടെ അലച്ചിൽ തീർന്നതിന് പിന്നാലെ കാലവർഷക്കെടുതിയിൽ വിശ്രമമില്ലാത്ത ജോലിയിലാണ് ഫയർ ഫോഴ്‌സ്. കെ.എസ്.ഇ.ബി ജീവനക്കാർക്കും മഴക്കാലത്ത് വിശ്രമമില്ല. വൈദ്യുതി വകുപ്പ് ജീവനക്കാർ പലയിടങ്ങളിലും രാത്രി മുഴുവൻ പണിയെടുത്താണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. ചെറിയ മരങ്ങൾ വെട്ടാൻ പോലും ഭൂരിഭാഗം പേരും ഫയർഫോഴ്‌സിന്റെ സേവനം തേടുകയാണ്.

നാശനഷ്ടം സംഭവിച്ച വീടുകളുടെ കണക്ക്

(തിങ്കളാഴ്ച്ച മുതൽ 23 രാവിലെ 9 വരെ താലൂക്ക് തിരിച്ച്)

കുന്നംകുളം 6
ചാവക്കാട് 7
തൃശൂർ 13
മുകുന്ദപുരം 6
ചാലക്കുടി 4
തലപ്പിള്ളി 30


ആകെ : 66