kaniv-
വാഹനത്തിന്റെ രേഖകൾ കനിവിന് കൈമാറുന്നു

കുന്നംകുളം: എന്റെ വീട് കനിവിലെ അമ്മമാർക്കായി സൗജന്യ വാഹനം നൽകി സഫാരി ഗ്രൂപ്പ് ഒഫ് മാനേജിംഗ് ഡയറക്ടർ അബൂബക്കർ മടപ്പാട്ട് മാതൃകയായി. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വീട് വിട്ട് ഇറങ്ങേണ്ടി വന്നവരും മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരുടെയും അഭയകേന്ദ്രമായ ചിറമനേങ്ങാട്ടെ കനിവ് എന്റെ വീട്ടിലെ അമ്മമാരുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും ചിരകാല അഭിലാഷമായ വാഹനം എന്ന സ്വപ്നം ഇതോടെ പൂവണിഞ്ഞു. പലപ്പോഴും അന്തേവാസികളെ ചികിത്സയ്ക്കും മറ്റും കൊണ്ടുപോകാൻ ഓട്ടോ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളെയാണ് ആശ്രയിക്കുക. എന്നാൽ സഫാരി ഗ്രൂപ്പിന്റെ പുതിയ വാഹനം ലഭിച്ചതോടെ അന്തേവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരമായി. എട്ടുലക്ഷം രൂപ വിലമതിക്കുന്ന മാരുതി ഇക്കോ വാഹനത്തിന്റെ താക്കോൽ ദാനകർമ്മം സഫാരി ഗ്രൂപ്പ് ഒഫ് മാനേജിംഗ് ഡയറക്ടർ അബൂബക്കർ മടപ്പാട്ട് നിർവഹിച്ചു. കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.വി.അബ്ദുൾ റഹിമാൻ താക്കോലും വാഹനത്തിന്റെ അനുബന്ധ രേഖകളും ഏറ്റുവാങ്ങി. ട്രസ്റ്റ് സെക്രട്ടറി കെ.ടി.അബ്ദു അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ എസ്.ജമീല, കുന്നംകുളം നഗരസഭാ മുൻ ചെയർമാൻ പി.ജി.ജയപ്രകാശ്, ടി.എ.ഉസ്മാൻ, കെ.എ.ജ്യോതിഷ് കെ.എ, സുന്ദരൻ നായർ, സ്മിതമുരളി, പെൻകോ സെയ്ഫു, അസീസ് കെ.എ തുടങ്ങിയവർ സംസാരിച്ചു.