dcc

തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയവും തുടർന്നുള്ള വിവാദങ്ങളും മൂലം താളം തെറ്റിയ കോൺഗ്രസ് പ്രവർത്തനത്തെ നേർവഴിക്ക് കൊണ്ടുവരാൻ ശക്തമായ നിലപാടുമായി ഡി.സി.സി നേതൃത്വം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നിയമനം മുതൽ ജില്ലയിലെ പല ഭാഗങ്ങളിലും വിവിധ ഗ്രൂപ്പ് തിരിഞ്ഞായിരുന്നു പ്രവർത്തനം. കെ.പി.സി.സി, ഡി.സി.സി നേതൃത്വം പ്രഖ്യാപിക്കുന്ന പരിപാടികൾ പോലും ഗ്രൂപ്പ് തിരിഞ്ഞാണ് നടത്തിയത്. നേതാക്കളുടെ അനുസ്മരണ സമ്മേളനവുമതെ. ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാനായാണ് വിമത പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെ.പി.സി.സി നേതൃത്വത്തിന്റെ പിന്തുണയോടെ ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ തീരുമാനിച്ചത്.

സഹകരണ മേഖലയിൽ വരെ വിമതർ

സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുകളിൽ വിമതരായി മത്സരിച്ച അഞ്ച് പേർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പാവറട്ടിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം മൂന്ന് പേർക്കെതിരെയും കുണ്ടുകാട് അമ്പലപ്പാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് പേർക്കെതിരെയും നടപടിയെടുത്തു. സഹകരണ സംഘം തിരഞ്ഞെടുപ്പുകളിലും മിക്കയിടങ്ങളിലും കോൺഗ്രസുകാർ തമ്മിലാണ് പ്രധാന മത്സരം. സമൂഹ മദ്ധ്യത്തിലുണ്ടായ ദുഷ്‌പേരിന് പുറമേ പരസ്പരം മത്സരിച്ച് വോട്ടു വിഘടിച്ച് പോകാനും ഇടയാക്കി. അളഗപ്പനഗറിൽ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് പങ്കെടുക്കാതിരുന്ന അംഗത്തിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി.

പുകച്ചിൽ മാറാതെ വടക്കാഞ്ചേരി

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിൽ കഴിഞ്ഞ കുറെനാളായി രണ്ട് ചേരികളിലായുള്ള പ്രവർത്തനത്തിന് തടയിടാനായി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്യുകയും മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. തുടർന്ന് മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ യോജിച്ച് പോകാമെന്ന തീരുമാനമെടുത്തു. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് മാപ്പപേക്ഷയും നൽകി. ഇതോടെ സസ്‌പെൻഷൻ പിൻവലിച്ചു. അതേ സമയം അമ്പലപ്പാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയായാണ് മത്സരിച്ചതെങ്കിലും പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ മണ്ഡലം പ്രസിഡന്റ് വിളിച്ചുചേർത്ത യോഗത്തിൽ ഒരു വിഭാഗം വിട്ടു നിന്നു. 13ൽനാലു പേർ മാത്രമാണ് യോഗത്തിലെത്തിയത്.

വിമത പ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ എല്ലാ നേതാക്കളും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്.

കെ.ഗോപാലകൃഷ്ണൻ
ഡി.സി.സി സംഘടനാ സെക്രട്ടറി.