കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിലെ അഴീക്കോട് പൂച്ചക്കടവിൽ ഫിഷ് ലാൻഡിംഗ് സെന്റർ നിർമ്മാണത്തിനായി ഡ്രെയിനേജ് ചെയ്ത് കരയിലേക്കെത്തിച്ച മണൽ രാത്രിയിൽ കൊള്ളയടിക്കുന്നുവെന്ന പരാതിക്കെതിരെ ശക്തമായ നിയമനടപടിക്ക് ഒരുങ്ങി അധികൃതർ. പൂച്ചക്കടവിലെ മണൽ മാഫിയ ഫിഷ് ലാൻഡിംഗ് സെന്ററിനായുള്ള കരഭൂമി ഇല്ലാതാക്കിയതായി മേയ് 15ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
തുടർന്ന് പൂച്ചക്കടവിലെ ബ്ലാക്ക് ക്യാറ്റ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ഒരു പ്രദേശത്തെ ഇല്ലാതാക്കുന്ന മണൽ മാഫിയക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പൊലീസിനും ഇ.ടി. ടൈസൺ എം.എൽ.എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ എന്നിവർക്കും ക്ലബ് പരാതി നൽകി. ഈ പശ്ചാത്തലത്തിലാണ് അധികൃതർ നടപടിക്കൊരുങ്ങുന്നത്.
ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ കീഴിൽ 20 ഏക്കർ സ്ഥലമാണ് ഫിഷ് ലാൻഡിംഗ് സെന്ററിനായി ഡ്രെഡ്ജിംഗ് നടത്തി കൈമാറിയത്. കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളിൽ ഭൂരിഭാഗം പേരും സ്ഥലത്തെ പോർട്ട് ഓഫീസറുടെ അലംഭാവമാണ് മണൽ മാഫിയക്ക് തുണയാകുന്നതെന്ന് കുറ്റപ്പെടുത്തി.
യോഗത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, നജ്മൽ സക്കീർ, മുഹമ്മദ് അസീം, സഹറാബി ഉമ്മർ, നൗഷാദ് കറുകപ്പാടത്ത്, അസ്ഫൽ, സുമിത ഷാജി, അനിൽകുമാർ എം, സി.ഐ: അനൂപ്, സലീം, അജിത് കുമാർ, കെ.എസ്. ധന്യ, കിരൺ, ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും വരുംതലമുറയ്ക്കും ഏറെ ഗുണമാകുന്ന ഫിഷിംഗ് ലാൻഡിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന പ്രവൃത്തി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും നടപടിയെടുക്കണം,
- ഇ.ടി. ടൈസൺ എം.എൽ.എ