തൃശൂർ : ഏറെ പ്രതീക്ഷ പുലർത്തിയ കേന്ദ്ര ബഡ്ജറ്റിൽ തൃശൂർ പ്രത്യേകസ്ഥാനം നേടുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും നിരാശയായി ഫലം. സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തിലൂടെ തൃശൂർ കേന്ദ്രമായി എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. മെട്രോ റെയിൽ നീട്ടൽ, എയിംസ് ഉൾപ്പടെയുള്ളവയിലും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒന്നും കേരളത്തിന് ലഭിച്ചില്ല. ബഡ്ജറ്റ് കേരളത്തെയും തൃശൂരിനെയും അവഗണിച്ചുവെന്ന് കോൺഗ്രസും സി.പി.എമ്മും ആരോപിച്ചു. എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ സംഘടനകൾ ബഡ്ജറ്റിലെ അവഗണനയ്ക്കെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകുന്നതാണ് കേന്ദ്ര ബഡ്ജറ്റെന്നും സ്വർണ വ്യാപാര മേഖലയ്ക്ക് പ്രാധാന്യമുള്ള തൃശൂരിന് ആശ്വാസം പകരുന്നതായി സ്വർണത്തിന്റെ തീരുവ കുറയ്ക്കാനുള്ള തീരുമാനമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ പറഞ്ഞു. പതിനായിരങ്ങൾക്ക് ഇത് ഗുണം ചെയ്യും. പി.എം.ആവാസ് യോജന, മുദ്ര യോജന എന്നിവയ്ക്ക് തുക വർദ്ധിപ്പിച്ചതും ഗുണം ചെയ്യുമെന്ന് അനീഷ് പറഞ്ഞു.
സുരേഷ് ഗോപിയെ എം.പിയായി ജയിപ്പിച്ചു വിട്ട തൃശൂരിന് കേന്ദ്ര ബഡ്ജറ്റ് അവഗണന മാത്രമാണ് സമ്മാനിച്ചത്. തൃശൂരിലെ ജനങ്ങൾക്ക് നിരാശ നൽകുന്നതാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ. ബഡ്ജറ്റിൽ കേരളം എന്ന വാക്കുപോലും പരാമർശിച്ചില്ല. എയിംസ് എന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ബഡ്ജറ്റിൽ നടപ്പായില്ല.
ജോൺ ഡാനിയേൽ
കെ.പി.സി.സി സെക്രട്ടറി
പത്തു വകുപ്പ് അമ്മാനമാടാൻ പോയിട്ട് എന്തുപറ്റി
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരെ നോക്കുകുത്തികളാക്കി മാറ്റിയതിന് സംസ്ഥാന ബി.ജെ.പി നേതൃത്വം മറുപടി പറയണമെന്ന് വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. പത്ത് വകുപ്പ് അമ്മാനമാടാൻ പോയിട്ട് എന്തുപറ്റിയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കണം. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ഒരു നടപടിയുമില്ല. കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയെ കുറിച്ച് ഒരു പരാമർശം പോലും ഇല്ല. ഇതുപോലെ സംസ്ഥാനത്തെ അവഗണിച്ച ഒരു ബഡ്ജറ്റ് മുമ്പുണ്ടായിട്ടില്ല. എയിംസില്ല, റെയിൽവെ സോണില്ല.
വി.കെ.ശ്രീകണ്ഠൻ എം.പി
ഡി.സി.സി പ്രസിഡന്റ്