വടക്കാഞ്ചേരി: കനത്ത മഴയിൽ ജലവിതാനം അതിവേഗം ഉയരുന്ന വാഴാനി അണക്കെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. 60.05 മീറ്ററാണ് ഇന്നലെ ജലനിരപ്പ്. 62.48 മീറ്ററാണ് പരമാവധി സംഭരണശേഷി. 2018 പ്രളയകാലത്തെ അവസ്ഥ ആവർത്തിക്കാതിരിക്കാൻ പരമാവധി വെള്ളം സംഭരിക്കാതെ തുറന്നു വിടണമെന്നു ജലസേചന വിഭാഗം ചീഫ് എൻജിനിയർ നിർദ്ദേശിച്ചു. മഴ തുടർന്നാൽ ഷട്ടറുകൾ തുറന്നു പുഴയിലേക്ക് വെള്ളം വിടേണ്ടി വരും. വാഴാനിയിലെ വിവിധ വിഷയങ്ങൾ അസി.എക്‌സി. എൻജിനിയർ പി.ബി.സുമ , അസി. എൻജിനിയർ പി.എസ്.സാൽവിൻ എന്നിവർ കളക്ടർക്ക് വിശദീകരിച്ചു.
വടക്കാഞ്ചേരിയിലെ തലപ്പിള്ളി താലൂക്ക് ഓഫീസിലും സന്ദർശനം നടത്തി. കഴിഞ്ഞ ദിവസമുണ്ടായ മിന്നൽച്ചുഴലിയിൽ വീടുകൾ തകർന്ന ഒന്നാം കല്ല്, കുമരനെല്ലൂർ മേഖലയിലും കളക്ടറെത്തി. വീടുകൾ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിച്ചും ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞുമാണ് മടങ്ങിയത്.
അടച്ചിട്ട ഇൻസ്‌പെക്ഷൻ
ബംഗ്ലാവ് തുറക്കും
കോട്ടെരുമ ശല്യത്താൽ അടച്ചിട്ട വാഴാനി ഡാമിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് തുറക്കാൻ നടപടി. കളക്ടർ ബംഗ്ലാവ് സന്ദർശിച്ചു. കുറഞ്ഞ നിരക്കിൽ വിനോദസഞ്ചാരികൾക്ക് താമസസൗകര്യം ഉൾപ്പെടെ ഒരുക്കുന്നതാണ് ബംഗ്ലാവ്. കോട്ടെരുമകൾ നിറഞ്ഞതിനാൽ കഴിഞ്ഞ കുറച്ചു നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. നിർമാർജനത്തിന് മരുന്ന് തെളി പൂർത്തിയാക്കി. 26 ന് വീണ്ടും തുറക്കും.