തൃശൂർ : കേന്ദ്രസർക്കാരിന്റെ അധികാരം നിലനിറുത്താനായി ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് കേവലം കസേര ബഡ്ജറ്റാണെന്ന് എ.ഐ.വൈ.എഫ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ രാഷ്ടീയ വിദ്വേഷവും പതിവ് ശത്രുതാ മനോഭാവവും തുടരുകയാണ്. എയിംസ് അനുവദിക്കാൻ തയ്യാറായില്ല. അതിവേഗ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ അനുവദിക്കുന്ന വിഷയത്തിലും അവഗണനയാണ് കാണിച്ചത്. കടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന ആവശ്യത്തോടും നിഷേധാത്മക സമീപനമാണ്. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അദ്ധ്യക്ഷത വഹിച്ചു. കനിഷ്‌കൻ വേലൂർ, വൈശാഖ് അന്തിക്കാട്, ടി.ടി.മീനുട്ടി തുടങ്ങിയവർ സംസാരിച്ചു.