തൃശൂർ: സ്വർണാഭരണ നിർമ്മാണത്തൊഴിലാളികളായ രണ്ട് യുവാക്കളെ കുത്തിപ്പരിക്കേല്പിച്ച് 40 ലക്ഷത്തോളം വില വരുന്ന സ്വർണം കവർന്ന അക്രമിസംഘത്തിലെ യുവാവിനെ നാട്ടുകാരും ലോഡ്ജ് ജീവനക്കാരും ചേർന്ന് പിടികൂടി.
അക്രമിസംഘത്തിലെ രഞ്ജിത്ത് എന്നയാളെയാണ് കുത്തേറ്റവരും നാട്ടുകാരും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരപ്രകാരം അക്രമികളായ തിരുവനന്തപുരം സ്വദേശികൾക്കായി തെരച്ചിൽ ആരംഭിച്ചു. തൃശൂർ കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ലോഡ്ജിൽ ഇന്നലെ രാത്രിയോടെ ആലുവ സ്വദേശികളായ ഷെഹീർ, ഷെമീർ എന്നിവരെ കുത്തിപ്പരിക്കേല്പിച്ചാണ് 650 ഗ്രാം സ്വർണം കവർന്നത്. ആലുവ പറവൂർ സ്വദേശി അഷ്‌കറിന്റെ സ്വർണമാണ് കവർന്നത്. ഇടനിലക്കാരൻ മുഖേനയാണ് അക്രമിസംഘം അഷ്‌കറിന്റെ തൊഴിലാളികളെ തൃശൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്. അക്രമി സംഘവും കുത്തേറ്റവരും തമ്മിൽ ഏറെ നേരം മൽപ്പിടുത്തം നടത്തുന്ന ദൃശ്യം ലോഡ്ജിലെ സി.സി ടി.വിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.