വടക്കാഞ്ചേരി : കോൺഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിച്ചതോടെ നഗരസഭാ കൗൺസിലിൽ 17 കൗൺസിലർമാരും ഒറ്റക്കെട്ട്. ഇത് ഭരണപക്ഷത്തിന് സമ്മാനിക്കുന്നത് വല്ലാത്ത തലവേദന. നിരന്തര ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തുന്നതോടെ മുമ്പെങ്ങുമില്ലാത്ത വിധം പ്രക്ഷുബ്ധമാണ് നഗരസഭാ യോഗം.

ജനറൽ കൗൺസിലിൽ ചെയർമാൻ വനിതാ കൗൺസിലർമാരെ അപമാനിച്ചെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയത് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി. വികസന പദ്ധതി ചർച്ചകൾ നടക്കുമ്പോൾ പി.എൻ.സുരേന്ദ്രൻ മോശം ഭാഷ ഉപയോഗിക്കുകയാണെന്നും ഇതിനെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കൗൺസിലർമാരായ കെ.അജിത് കുമാർ, എസ്.എ.എ.ആസാദ്, കെ.ടി.ജോയ്, പി.എൻ.വൈശാഖ്, സന്ധ്യ കൊടക്കാടത്ത്, ബുഷറ റഷീദ്, കെ.ഗോപാലകൃഷ്ണൻ, പ്രകാശൻ കുന്നൂർ, കെ.എം.ഉദയബാലൻ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

കോൺഗ്രസ് വികസനം അട്ടിമറിക്കുന്നു : ചെയർമാൻ

നഗരസഭയുടെ വികസനം അട്ടിമറിക്കുന്ന പിന്തിരിപ്പൻ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ പറഞ്ഞു. ഒരു വനിതാ കൗൺസിലറെയും അപമാനിച്ചിട്ടില്ല. വികസന കാര്യത്തിൽ രാഷ്ട്രീയവുമില്ല. എട്ട് വർഷമായി നഗരസഭ ഭരിക്കുന്നത് ഇടത് മുന്നണിയാണ്. ഒട്ടേറെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കി. അത് തുടരും. കോൺഗ്രസ് തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.