വടക്കാഞ്ചേരി : വന്യമൃഗങ്ങളെ തുരത്താനുള്ള പദ്ധതികൾ കടലാസിൽ ഉറങ്ങുമ്പോൾ വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ മുള്ളൂർക്കര എൻ.എസ്.എസ് ഹൈസ്‌കൂൾ റോഡിൽ ഒറ്റയാനെ കണ്ടെത്തി. വനത്തിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്ന കൊമ്പന്റെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ഇന്നലെ പുലർച്ചെയാണ് കൊമ്പൻ ജനവാസ മേഖലയിലെത്തിയത്. സംസ്ഥാനപാത മുറിച്ചുകടന്ന് ദീപാ നിലയത്തിൽ സുകുമാരന്റെ വീട്ടുപറമ്പിലെത്തിയ ആന തെങ്ങും വാഴകളും മറ്റ് കാർഷിക വിളകളും തകർത്തു.
അരമണിക്കൂറോളം പറമ്പിൽ തങ്ങിയ ആനയെ വീട്ടുകാർ ബഹളം വെച്ച് തുരത്താൻ ശ്രമിച്ചെങ്കിലും പോയില്ല. വടക്കാഞ്ചേരിയിൽ നിന്നുള്ള വനപാലകരും പൊലീസുമെത്തി ഗുണ്ട് പൊട്ടിച്ചാണ് ആനയെ തുരത്തിയത്. മേഖലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ആനയുടെ സാന്നിദ്ധ്യമുണ്ടെന്നും വലിയ ആശങ്കയോടെയാണ് രാത്രികാലങ്ങളിൽ വീട്ടിൽ കിടന്നുറങ്ങുന്നതെന്നും നാട്ടുകാർ പറയുന്നു.

ജീപ്പ് കട്ടപ്പുറത്ത്: ആർ.ആർ.ടിയും കടലാസിൽ

വനത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങളോ ജനവാസ മേഖലയിൽ വന്യമൃഗങ്ങളോ ഇറങ്ങിയാൽ സ്ഥലത്ത് കുതിച്ചെത്തേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂട്ട് അധികൃതരുടെ അവഗണന. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തത് ഇവരെ നിസഹായരാക്കുന്നു. വാഴാനി ഫോറസ്റ്റ് സ്റ്റേഷനിൽ ആകെയുണ്ടായിരുന്ന ജീപ്പ് നാളുകളേറെയായി കട്ട പുറത്താണ്. അടിയന്തര സാഹചര്യത്തിൽ സ്വന്തം വാഹനത്തിൽ വേണം ഉദ്യോഗസ്ഥർക്കെത്താൻ. വാടകയ്ക്ക് വിളിച്ചാൽ കൈയിൽ നിന്ന് പണം നൽകണം. ആനകളടക്കമുള്ളവയെ തുരത്താൻ ആകെയുള്ള ആധുനിക സംവിധാനം ഉഗ്ര ശബ്ദമുള്ള ഗുണ്ടാണ്. അകമല ഫോറസ്റ്റ് സ്റ്റേഷൻ നാളുകളേറെയായി അടഞ്ഞുകിടക്കുന്നു. ഇത് തുറന്നാൽ വനപാലകരുടെ ജോലിഭാരം കുറയ്ക്കാനാകും. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങിയാൽ 8547 601683 എന്ന നമ്പറിൽ ബന്ധപ്പെടണം.