തൃശൂർ: റോഡ് അപകടത്തിൽപ്പെടുന്നവരെ കേസിന്റെ നൂലാമാല ഭയന്ന് പലരും അവഗണിക്കുന്നത് കണ്ട് മനംനൊന്താണ് ജീവകാരുണ്യ പ്രവർത്തകനായ ഫാ. ഡേവിസ് ചിറമ്മൽ 'ആക്ട്‌സ് ' (ആക്‌സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട്ട് സർവീസ്) എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. രക്ഷാപ്രവർത്തനത്തിനൊപ്പം സൗജന്യ ആംബുലൻസ് സേവനവും ഒരുക്കുന്ന 'ആക്ട്‌സ് ' 25-ാം വർഷത്തിലേക്ക് കടക്കുമ്പോൾ റോഡിൽ പൊലിയാതെ കാത്തത് ലക്ഷം ജീവനുകൾ.
കാൽനൂറ്റാണ്ടിനിടെ'ആക്ട്‌സ് 'പ്രവർത്തകർ ഒന്നരലക്ഷത്തിലധികം പേരെയാണ് ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിലൂടെ അതിൽ ഒരുലക്ഷം പേർക്കും ജീവൻ തിരിച്ചുകിട്ടി. അപൂർവ നേട്ടത്തിന് ടാലന്റ് ബുക്ക് ഒഫ് റെക്കാഡും ലഭിച്ചു. രാജ്യത്ത് ഏതെങ്കിലുമൊരു ജില്ലയിൽ ഏറ്റവും കൂടുതൽ ആംബുലൻസുകളുള്ള ചാരിറ്റബിൾ സൊസൈറ്റി എന്ന മേന്മയും ആക്ട്‌സിന്റെ നേട്ടത്തിന് കാരണമായി. 20 ആംബുലൻസുകൾ ആക്ട്‌സിന് കീഴിൽ സർവീസ് നടത്തുന്നു. വാഹനാപകടത്തിന് പുറമെ മറ്റ് അത്യാഹിതങ്ങളിൽപ്പെടുന്നവർക്കും ആക്ട്‌സ് സേവനം നൽകുന്നുണ്ട്. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണവിതരണത്തിന് പുറമേ രക്തദാനവും സംഘടന നടത്തുന്നു. സന്നദ്ധസേവന താത്പര്യമുള്ള ആർക്കും സംഘടനയിൽ അംഗത്വമെടുക്കാം. സർക്കാർ സഹായം നേടിയെടുക്കാനും ആക്ട്‌സിന്റെ പ്രവർത്തനം സംസ്ഥാനതലത്തിൽ വിപുലീകരിക്കാനുമുള്ള ആലോചനയിലാണ് പിന്നണിയിലുള്ളവർ.
2000 മേയ് എട്ടിന് അന്നത്തെ കളക്ടർ അഖിലേഷ്‌കുമാർ ശർമ്മ സ്ഥാപക പ്രസിഡന്റും ഫാ. ഡേവിസ് ചിറമ്മൽ ജനറൽ സെക്രട്ടറിയുമായാണ് ആക്ട്‌സ് സ്ഥാപിതമായത്. നിലവിൽ കളക്ടർ പ്രസിഡന്റും മേയർ എം.കെ. വർഗീസ് ജനറൽ സെക്രട്ടറിയുമാണ്. തിരക്കുകളെ തുടർന്ന് ചിറമ്മലച്ചൻ സ്ഥാനം ഒഴിഞ്ഞിരുന്നു.
ചെലവാക്കിയത് 13 കോടി
സർക്കാർ സഹായമില്ലാതിരുന്നിട്ടും ജീവൻരക്ഷാ പ്രവർത്തനത്തിന് ആക്ട്‌സ് ഇതുവരെ ചെലവാക്കിയത് 13 കോടി രൂപ. അഭ്യുദയകാംക്ഷികളുടെ സാമ്പത്തിക സഹായത്തിലാണ് പ്രവർത്തനം. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർ നിയമത്തിന്റെ നൂലാമാലകളിലാകുന്നത് ഒഴിവാക്കാനുള്ള മാർഗനിർദ്ദേശം സമർപ്പിക്കാൻ സുപ്രീംകോടതി ജസ്റ്റിസ് കെ. സ്‌കന്ദൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആക്ട്‌സിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച കമ്മിറ്റി 'തൃശൂർ മോഡൽ' മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു.
അരലക്ഷം അംഗങ്ങൾ
അംഗങ്ങൾ 50,000
ശാഖകൾ 17
ആംബുലൻസുകൾ 20