1

തൃശൂർ: കുറ്റിപ്പുറം - തൃശൂർ സംസ്ഥാനപാതയുടെ നിർമ്മാണം സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണം മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണാണ് ഉത്തരവിട്ടത്. ഹർജി അടുത്തമാസം 16ന് പരിഗണിക്കും. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, അഡ്വ. കെ.ബി. ഗംഗേഷ് മുഖാന്തിരം സമർപ്പിച്ച ഹർജിയിൽ സംസ്ഥാന ചീഫ് സെക്രട്ടറി, പി.ഡബ്‌ള്യു.ഡി സെക്രട്ടറി, ചീഫ് എൻജിനിയർ, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട്, പ്രോജക്ട് ചീഫ് എൻജിനിയർ, കെ.എസ്.ടി.പി എക്‌സിക്യൂട്ടിവ് എൻജിനിയർ എന്നിവരാണ് എതിർകക്ഷികൾ.

പൂങ്കുന്നത്തെ കുപ്പിക്കഴുത്ത് പൊളിച്ച് വീതി കൂട്ടുന്നതിനായി ഷാജി ജെ. കോടങ്കണ്ടത്ത്, ഗിരീഷ്‌കുമർ എന്നിവർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായാണ് തൃശൂർ - കുറ്റിപ്പുറം സംസ്ഥാന ഹൈവേയുടെ വികസനം നടക്കുന്നത്. റോഡ് പൊളിച്ച് കളഞ്ഞ് കോൺക്രീറ്റ് റോഡാണ് നിർമ്മിക്കുന്നത്.
2021ൽ ആരംഭിച്ച് 2023 ഡിസംബറിൽ പണി പൂർത്തിയാക്കാമെന്ന വ്യവസ്ഥയിലാണ് കരാറെങ്കിലും ഇതുവരെ 19% മാത്രമേ പൂർത്തിയാക്കാനായുള്ളൂവെന്നാണ് വിവരാവകാശ പ്രകാരം കിട്ടിയ രേഖയിലുള്ളത്. പാറമേക്കാവ് ജംഗ്ഷനിൽ നിന്ന് കുറ്റിപ്പുറം വരെ 33.23 കിലോമീറ്റർ റോഡിന്റെ നിർമ്മാണത്തിന് 119 കോടി രൂപയാണ് ആദ്യം വകയിരുത്തിയത്. പിന്നീട് 218 കോടി രൂപയായി ഉയർത്തി. ഒന്നര വർഷമായി പൂങ്കുന്നം - കുന്നംകുളം റോഡിലെ 19 കിലോമീറ്റർ ദൂരം വളരെ ശോചനീയാവസ്ഥയിലാണ്.