കൊടുങ്ങല്ലൂർ : ജില്ലാ, താലൂക്ക് ഭാരവാഹികളെയും മറ്റ് ഹൈന്ദവ സംഘടനാ ഭാരവാഹികളെയും കരിനിയമങ്ങളിൽപ്പെടുത്തി പൊലീസ് പീഡിപ്പിക്കുകയാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി യോഗം. സമിതിയുടെ മാതൃസമിതി അദ്ധ്യക്ഷയായ ഡോ. ആശാലത, മംഗല്യം വിവാഹ സഹായ പദ്ധതി ചെയർമാൻ ജീവൻ നാലുമാക്കൽ, മംഗല്യം പദ്ധതി കൺവീനർ സിനി ശെൽവരാജ്, താലൂക്ക് കമ്മിറ്റി അംഗം താരാ അജിത്ത് തുടങ്ങിയവർക്കെതിരെയാണ് 107-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്.
സമിതി കാലങ്ങളായി നടത്താറുള്ള അയ്യപ്പ ഭക്ത വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം തടഞ്ഞതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയാണ് പൊലീസിന്റെ ഈ നടപടി. ദേവസ്വം ബോർഡ് മറ്റെന്തോ ലക്ഷ്യം വച്ച് സമിതിയുടെ അയ്യപ്പ വിശ്രമ കേന്ദ്രം പ്രവർത്തനം തടയുകയായിരുന്നെന്നും സേവാ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ക്രൂരമായി പീഡിപ്പിക്കുകയാണ് ദേവസ്വം ബോർഡും പൊലീസും ചെയ്യുന്നതെന്നും സമിതി കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിന്റെ നിജസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. ജില്ലാ പ്രസിഡന്റ് അഡ്വ. സോമസുന്ദരം അദ്ധ്യക്ഷനായി. സംസ്ഥാന സദ്‌സംഗ് പ്രമുഖ് സി.എം. ശശീന്ദ്രൻ, തൃശൂർ മേഖലാ പ്രസിഡന്റ് നാരായണൻ നമ്പൂതിരി, മേഖലാ പ്രസിഡന്റ് പി.ആർ. ഉണ്ണി, ജില്ലാ സെക്രട്ടറി പി.ആർ. ഗോപിനാഥ്, സമിതിയംഗം ടി.കെ. ജാനകി എന്നിവർ സംസാരിച്ചു.