1
1

കൊടുങ്ങല്ലൂർ: അഴീക്കോട്, മുനമ്പം കടവുകളെ ബന്ധിപ്പിക്കുന്ന അഴീക്കോട്- മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പാലത്തിന്റെ മറുകരയായ മുനമ്പത്തും ഇന്നലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ബോട്ട് സർവീസ് താത്കാലികമായി അവസാനിപ്പിച്ചു. അഴീക്കോട് ഭാഗത്തെ തൂണുകളുടെ നിർമ്മാണം പൂർത്തിയാക്കി പൈൽ ലോഡ് ടെസ്റ്റ് നടത്തിയിരുന്നു. മറ്റ് തൂണുകളുടെയും സ്ലാബുകളുടെയും നിർമ്മാണ പ്രവൃത്തികളും വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.
വൈപ്പിൻ തീരത്ത് ഭൂമി തർക്കം നിലനിൽക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തിലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയിരുന്നെങ്കിലും വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലതല വികസന പ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്താൻ വിളിച്ച ചേർത്ത യോഗത്തിലും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും റവന്യൂ വകുപ്പ് മന്ത്രിക്കും വിഷയവുമായി ബന്ധപ്പെട്ട് കത്തുകൾ നൽകിയിട്ടുണ്ടെന്നും ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു.

മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയും റവന്യൂ വകുപ്പും തമ്മിലുള്ള ഭൂമി തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇത് തടസ്സമാകില്ല. നിലവിലെ സ്ഥിതി രണ്ട് മാസത്തേക്ക് തുടരണമെന്നാണ് കോടതിവിധി.
-ഇ.ടി. ടൈസൺ എം.എൽ.എ