കൊടുങ്ങല്ലൂർ : വാർഷിക പദ്ധതി വിഹിതം അനുവദിക്കുന്നതിൽ ഭരണപക്ഷം വിവേചനം കാണിക്കുന്നതായി ആരോപിച്ച് കൊടുങ്ങല്ലൂർ നഗരസഭാ കൗൺസിലിൽ പ്രതിപക്ഷ ബഹളം. എൽ.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലേക്ക് 10 ലക്ഷവും ബി.ജെ.പി കൗൺസിലർമാരുടെയും ഏക കോൺഗ്രസ് കൗൺസിലറുടെയും വാർഡുകളിലേക്ക് 8 ലക്ഷം രൂപ വീതം മാത്രവുമാണ് നീക്കിവച്ചിട്ടുള്ളതെന്നാണ് ആരോപണം. വാർഷിക പദ്ധതി പുതുക്കുന്ന വിഷയം ചർച്ചയ്‌ക്കെടുത്തപ്പോഴാണ് പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രതിപക്ഷ വാർഡുകളെ അവഗണിച്ചതിൽ ചെയർപേഴ്‌സൺ ടി.കെ. ഗീത മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിശദീകരണത്തിനായി മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ എഴുന്നേറ്റതോടെ ബി.ജെ.പി കൗൺസിലർമാർ ബഹളംവച്ച് പ്രസംഗം തടസ്സപ്പെടുത്തി. ഇതോടെ പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്‌സന്റെ ചേംബർ ഉപരോധിച്ചു. എൽ.ഡി.എഫ് കൗൺസിലർമാർ മറു മുദ്രവാക്യം വിളികളുമായി രംഗത്തെത്തിയതോടെ ബഹളമായി. അരമണിക്കൂറിലധികം സമയം ബഹളം തുടർന്നതോടെ ചെയർപേഴ്‌സൺ യോഗം പിരിച്ചുവിട്ട് സ്ഥലംവിട്ടു. തുടർന്ന് ബി.ജെ.പി കൗൺസിലർമാർ ചെയർപേഴ്‌സന്റെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

എൽ.ഡി.എഫ് വാർഡുകളിലേക്ക് ഏകപക്ഷീയമായി വൻ തുക അനുവദിച്ചു. സ്ട്രീറ്റ് ലൈറ്റുകളുടെയും റോഡുകളുടെയും മറ്റു പല പദ്ധതികളും ഏകപക്ഷീയമായി അടിച്ചു മാറ്റി. ചെയർപേഴ്‌സന്റെ ഏകാധിപത്യ ഭരണത്തിൽ പ്രതിഷേധിച്ചാണ് ഉപരോധം.
- ടി.എസ്. സജീവൻ
(പ്രതിപക്ഷ നേതാവ്)

ഫണ്ടിന്റെ ലഭ്യതയും വിഭാഗവും ആവശ്യവും പരിഗണിച്ച് കക്ഷി രാഷ്ട്രീയം നോക്കാതെയാണ് നാളിതുവരെ നഗരസഭ വികസന പ്രവർത്തങ്ങൾക്ക് ഫണ്ട് വകയിരുത്തുന്നത്. ബി.ജെ.പി പ്രതിനിധി വാർഡുകളിലെ റിവിഷൻ ലിസ്റ്റ് പരിശോധിച്ചാൽ ആരോപണം തെറ്റാണെന്ന് ബോദ്ധ്യപ്പെടും.
-ടി.കെ. ഗീത
(നഗരസഭ ചെയർപേഴ്‌സൺ)
-വി.എസ്. ദിനൽ
(വൈസ് ചെയർമാൻ)