ചാലക്കുടി: വിദ്യാഭ്യാസ ഉപജില്ല ഓഫീസ് കാര്യാലയം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റും. ട്രാംവേ റോഡിലെ നിലവിലെ സ്ഥലത്ത് ഇതിനായി പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായി. അധികം വൈകാതെ ഉദ്ഘാടനം നടക്കുമെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന് വിശാല സൗകര്യമുണ്ട്. ഇരുനില കെട്ടിടത്തിന്റെ വിസ്തീർണം 672 ചതുരശ്ര മീറ്ററാണ്. താഴത്തെ നിലയിൽ എ.ഇ.ഒ ഓഫീസ്, അനുബന്ധ ഓഫീസ്, ഡൈനിംഗ് ഹാൾ, സ്റ്റെയർ മുറി, റെക്കാഡ് മുറി എന്നിവയുമുണ്ട്. ഒന്നാം നിലയിൽ കോൺഫറൻസ് ഹാൾ, റെക്കാഡ് മുറികൾ എന്നിങ്ങിനെയാണ് ഘടന.
പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണച്ചുമതല. ഭാവിയിൽ ഒരു നിലകൂടി പണിയുന്നതിന് അടിത്തറയുമിട്ടു. കാലപ്പഴക്കത്താൽ നിലവിലെ കെട്ടിടത്തിന് ചോർച്ചയടക്കം ദുരിതം നേരിട്ടതോടെയാണ് കഴിഞ്ഞ സർക്കാർ പുതിയ കെട്ടിടത്തിന് അനുമതി നൽകിയതും തുക അനുവദിച്ചതും.