പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിലെ വിവാദ കരിങ്കൽ ക്വാറി അഞ്ച് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണെന്നും വെള്ളം പമ്പ് ചെയ്തു കളഞ്ഞ് ജലനിരപ്പ് ഉയരാതെ സംരക്ഷിച്ചിരുന്നത് ഈ ക്വാറിയുടെ ഉടമസ്ഥരാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അറിയിച്ചു.
എന്നാൽ പിന്നീട് ഇത് പഞ്ചായത്തിന്റെ മാത്രം ഉത്തരവാദിത്വമാണ് എന്നൊരു കീഴ് വഴക്കം അവിടെ ഉണ്ടാക്കിയെടുത്ത് തദ്ദേശവാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ക്വാറി ഉടമകളുമായി സംസാരിച്ച് തദ്ദേശവാസികളുടെ പ്രശ്‌നപരിഹാരത്തിനായി വാർഡ് മെമ്പറെ പല തവണ ചുമതലപ്പെടുത്തിയിട്ടും ഒരു ചെറുവിരൽ പോലുമനക്കാൻ തയ്യാറായിട്ടില്ല. പഞ്ചായത്ത് ക്വാറി ഉടമകളുമായി മീറ്റിംഗിന് നോട്ടീസ് നൽകി വിളിച്ചിട്ടും അന്ന് ആകെ രണ്ടുപേരാണ് പങ്കെടുത്തത്.
അതുകൊണ്ട് കൃത്യമായ തീരുമാനമെടുക്കാവാകാതെ പിരിഞ്ഞു. കളക്ടറുടെ പ്രത്യേക അനുമതി കിട്ടുന്ന ഉടൻ മോട്ടോർ ഉപയോഗിച്ച് ജലനിരപ്പ് കുറയ്ക്കാനാവശ്യമായ നടപടിയാരംഭിക്കും. ഭൂമിയും വീടും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അവിടുത്തെ പാവപ്പെട്ട സാധാരണക്കാരെ പുനരധിവസിപ്പിക്കാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ നേരിൽ സന്ദർശിച്ച് അവരെ പുനരധിവസിപ്പിക്കാനുള്ള കാര്യം കൂടി ചെയ്യണമെന്ന് നേരിട്ട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.