കരുവന്നൂർ : കരുവന്നൂർ വലിയപാലത്തിൽ സുരക്ഷാ വേലികൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി പേർ കരുവന്നൂർ വലിയപാലത്തിന് മുകളിൽ നിന്നും പുഴയിലേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നല്ല ഒഴുക്കുള്ള പുഴയിൽ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ഏറെ ശ്രമഫലമായാണ് തെരച്ചിൽ നടത്തി പലപ്പോഴും മൃതദേഹങ്ങൾ കണ്ടെത്താറുള്ളത്. പാലത്തിന് മുകളിൽ സുരക്ഷാ വേലികൾ സ്ഥാപിച്ച് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും പ്രതിഷേധ സമരങ്ങളും നടത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥലം എം.എൽ.എയും മന്ത്രിയുമായ ഡോ.ആർ. ബിന്ദു സുരക്ഷാവേലി സ്ഥാപിക്കുന്നതിനായി അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും സംസ്ഥാന പാതയിൽ കോൺക്രീറ്റ് പ്രവൃത്തികൾക്കായി റോഡും പാലവും കെ.എസ്.ടി.പിക്ക് കൈമാറിയതിനാൽ ഉള്ള സാങ്കേതിക തടസ്സം മൂലമാണ് സുരക്ഷാ വേലി സ്ഥാപിക്കൽ നീണ്ടത്.
സുരക്ഷാവേലി ഒമ്പതടി ഉയരത്തിൽ
ഒൻപത് അടി ഉയരത്തിൽ പാലത്തിന്റെ കൈവരികൾ പൂർണമായും മറയ്ക്കുന്ന തരത്തിലാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ കൂടുതൽ പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച പടിഞ്ഞാറെ വശത്തുള്ള കൈവരികളിലാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്. ഇതിന് ശേഷം ഉടൻ തന്നെ കിഴക്ക് വശത്തും ഇത്തരത്തിൽ സുരക്ഷാ വേലികൾ സ്ഥാപിക്കും. ചുരുങ്ങിയ കാലത്തിനിടയ്ക്ക് എട്ടോളം പേരാണ് കരുവന്നൂർ വലിയപാലത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.