വടക്കാഞ്ചേരി: അപകടക്കെണിയായി വടക്കാഞ്ചേരി കുമ്പളങ്ങാട് നഗരസഭയുടെ മാലിന്യയാർഡിന് സമീപത്തെ കൂറ്റൻ പാറകൾ. നിരവധി പാറക്കല്ലുകളാണ് ഏതുനിമിഷവും താഴേക്ക് പതിക്കാമെന്ന അവസ്ഥയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിൽക്കുന്നത്. ജനവാസമേഖലകൂടിയാണ് ഈ പ്രദേശം. ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ നിന്നും പാർളിക്കാട് വഴി വടക്കാഞ്ചേരി-ചാവക്കാട് സംസ്ഥാനപാതയിലേക്ക് എത്താനുള്ള എളുപ്പമാർഗമാണ് ഇത്. നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ശക്തമായ മഴ പെയ്താൽ പാറക്കല്ലുകൾ പാതയിലേക്ക് പതിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഭീഷണിയായ പാറ കല്ലുകൾ നീക്കം ചെയ്യണമെന്നാണ് ജനകീയ ആവശ്യം.


മരങ്ങൾ വെട്ടി മാറ്റി


പെരുമഴയെ അവഗണിച്ച് കഴിഞ്ഞദിവസം കുന്നിൻ മുകളിലെ മരങ്ങളെല്ലാം വെട്ടി മാറ്റിയിരുന്നു. ഇതോടെ മരങ്ങൾ നിന്ന സ്ഥലങ്ങളിലെ ഇളകി മാറിയ മണ്ണിനു മുകളിലെ പാറകൾ വൻ ഭീഷണിയാകുകയാണ്. ഏതു നിമിഷവും താഴേക്ക് പതിക്കാമെന്ന അവസ്ഥയിലാണ് പാറകൾ.