1

തൃശൂർ: മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോന്റെ പൂർണകായ പ്രതിമ വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്രയ്ക്ക് നാളെ (27) വൈകിട്ട് അഞ്ചിന് തെക്കെഗോപുരനടയിൽ സ്വീകരണം നൽകുമെന്ന് സംഘാടകസമിതി ചെയർമാൻ കെ. രാജൻ, കൺവീനർ കെ.കെ. വത്സരാജ്, ട്രഷറർ പി. ബാലചന്ദ്രൻ എന്നിവർ അറിയിച്ചു.

അച്ചുതമേനോനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ തിരുവനന്തപുരം നഗരത്തിലെ മ്യൂസിയം പരിസരത്ത് സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പയ്യന്നൂരിൽ നിന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ്അംഗം കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തിൽ സ്മൃതി ജാഥയായാണ് പ്രതിമ 30ന് തിരുവനന്തപുരത്ത് എത്തിക്കുക. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനാച്ഛാദനം ചെയ്യും.

ചെറുതുരുത്തിയിൽ നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്മൃതിജാഥയെ തൃശൂർ നഗരത്തിലേക്ക് സ്വീകരിക്കുക. പൊതുയോഗം സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പി. സന്തോഷ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനാകും. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ സി.എൻ. ജയദേവൻ, രാജാജി മാത്യു തോമസ്, റവന്യൂ മന്ത്രി കെ. രാജൻ, സ്മൃതി ജാഥാംഗങ്ങളായ സത്യൻ മൊകേരി (ഡയറക്ടർ), ടി.വി. ബാലൻ, ഇ.എസ്. ബിജിമോൾ, ടി.ടി. ജിസ്‌മോൻ, പി. കബീർ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ടി.ആർ. രമേഷ്‌കുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.