മാള: വിദ്വേഷമില്ലാത്ത ജനതയുണ്ടെങ്കിലേ നവഭാരത സൃഷ്ടി സാദ്ധ്യമാകൂവെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ തുഷാർ ഗാന്ധി. മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിന്റെ ഡെസിനിയൽ ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രതിമാസ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷം രാജ്യവളർച്ചയ്ക്ക് വൻആഘാതം സൃഷ്ടിച്ചു. ഹിന്ദു- മുസ്‌ലിം വിദ്വേഷം മൂലം ഇന്ത്യ വിഭജിക്കപ്പെട്ടതാണ് പുരോഗതിക്ക് തടസ്സമായതെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പരയിലെ രണ്ടാം സംവാദത്തിൽ ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജിജി ജോസ്, ജോസഫ് ചിറയത്ത്, ഡയറക്ടർ അന്ന ഗ്രേസ് രാജു, ആബ്ഡിയേൽ ഡില്ലോ, തേജശ്രീ അജിത്ത്, ഐഡസേറ എന്നിവർ പ്രസംഗിച്ചു.