വടക്കാഞ്ചേരി: കനത്ത മഴയിൽ വാഴാനി ഡാം ജലസമ്പന്നം. 62.48 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ഇന്നലെ ജലനിരപ്പ് 60.5 മീറ്ററിലെത്തി. സ്പിൽവേ ഷട്ടറുകൾ നാലെണ്ണം ഇന്ന് തുറക്കും. രാവിലെ 11നാണ് 5 സെന്റീമീറ്റർ വീതം തുറന്ന് വാഴാനി പുഴയിലേക്ക് വെള്ളമൊഴുക്കുകയെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വടക്കാഞ്ചേരി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാദ്ധ്യതയുളളതിനാൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, തെക്കുംകര, എരുമപ്പെട്ടി, വേലൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, എളവളളി, മുല്ലശ്ശേരി പഞ്ചാ യത്തുകൾ എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. പുഴയിൽ മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധപ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.