കൊടുങ്ങല്ലൂർ: കാൽനട യാത്രക്കാർക്കും ഇരുചക വാഹന യാത്രക്കാർക്കും ഒരുപോലെ അപകടക്കെണിയാകുകയാണ് പാതയോരങ്ങളിലെ പൊട്ടി വീണതും താഴ്ന്നു കിടക്കുന്നതുമായ കേബിളുകൾ. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ റോഡുകളിൽ തലങ്ങും വിലങ്ങും കേബിളുകളാണ്. പലതും കാലപ്പഴക്കം കൊണ്ട് പൊട്ടിവീണും താഴെമുട്ടി കിടക്കുന്നതും യാത്രക്കാർക്ക് അപകടം സൃഷ്ടിക്കുന്നു. വൈദ്യൂതിത്തൂണുകളിൽ കെട്ടുന്ന കേബിളുകളിൽ സ്ഥാപന ഉടമകളുടെ പേര് വേണമെന്ന നിബന്ധന ആരും പാലിക്കാറില്ല. അതുകൊണ്ടുതന്നെ കേബിളുകൾ ആരുടെതെന്ന് അന്വേഷിച്ചാൽ കൃത്യമായ ഉത്തരവും ലഭ്യമാകാറില്ല. ഇങ്ങനെ നീക്കം ചെയ്യുന്ന കേബിളുകൾ പാതയോരത്തെ മരത്തിലോ മറ്റ് എവിടെയെങ്കിലും തത്ക്കാലം മാറ്റിവയ്ക്കുന്നതാണ് പിന്നീട് താഴ്ന്ന് കിടന്നും പൊട്ടി വീണും അപകടം ഉണ്ടാക്കുന്നത്.
കേബിൾ ഉടമകളുടെ ഈ സമീപനത്തിനെതിരെ ലോകമലേശ്വരം ഉഴുവത്തുകടവ് മേഖലാ കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ അദ്ധ്യക്ഷനായി. ടി.വി. ദാസൻ, പി.എ. നൗഷാദ്, വി.കെ. ലോഹിതാക്ഷൻ, ടി.എസ്. രാധാകൃഷ്ണൻ, ടി.എസ്. മുത്തു, യു.എസ്. നൗഷാദ്, കെ.പി. ലാലു, വി.വി. വിജേഷ്, എൻ.വി. ശശി തുടങ്ങിയവർ പ്രസംഗിച്ചു.

പൊട്ടിക്കിടക്കുന്ന കേബിളുകൾ മനുഷ്യജീവന് ഭീഷണിയാണ്. അവ നീക്കാത്ത കേബിൾ ഉടമകൾക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണം
- ലോകമലേശ്വരം ഉഴുവത്തുകടവ് മേഖലാ കോൺഗ്രസ് കമ്മിറ്റി