കുന്നംകുളം: മൂലേപ്പാട് മേഖലയിലെ റോഡുപണിയുടെ മണ്ണ് കാട്ടകാമ്പാൽ പഞ്ചായത്തിലെ മൂലേപ്പാട് ഫ്‌ളാറ്റിലെ മുന്നിൽ നിക്ഷേപിച്ചതോടെ ദുരിതത്തിലായി പത്തോളം കുടുംബങ്ങൾ. മഴ കനത്തതോടെ മണ്ണ് ഒലിച്ച് ചെളി നിറയുകയാണ്. ഫ്‌ളാറ്റിന് സമീപമുള്ള പഞ്ചായത്ത് സ്ഥലത്താണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. രോഗികളും ഭിന്നശേഷിക്കാരും ഉൾപ്പെടെ നിരവധി പേരാണ് ഫ്‌ളാറ്റിൽ താമസിക്കുന്നത്. ചെളി വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾ പോലും ഈ പ്രദേശത്തേയ്ക്ക് എത്തുന്നില്ലെന്ന് ഫ്‌ളാറ്റിലെ താമസക്കാർ പറയുന്നു. പലതവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് താമസക്കാർ ആരോപിച്ചു. പഞ്ചായത്തംഗം പ്രദീപ് കൂനത്തിന്റെ നേതൃത്വത്തിൽ നേരത്തെ കുറച്ച് മണ്ണ് നീക്കിയിരുന്നു. മഴ ശക്തമായതോടെ മണ്ണു മാറ്റൽ പൂർണമായില്ല.
ഈ ഭാഗത്ത് മണ്ണു പരത്തി വെള്ളക്കെട്ട് ഒഴിവാക്കും. തുടർന്ന് കോൺക്രീറ്റ് കട്ട വിരിച്ച് മനോഹരമാക്കാൻ പദ്ധതി തയ്യാറാക്കും.
പ്രദീപ് കൂനത്ത്
കാട്ടകാമ്പാൽ പഞ്ചായത്തംഗം