തൃശൂർ: കേന്ദ്ര ബഡ്ജറ്റിലൂടെ തൃശൂരിലെ ജനതയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഏജീസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഫാസിസത്തോട് സന്ധി ചെയ്യാത്തവർക്ക് യാതൊരു ഉപകാരവുമില്ലാത്ത ബഡ്ജറ്റാണിതെന്ന് നരേന്ദ മോദി സർക്കാർ തെളിയിച്ചെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.എം. അമീർ, ഭാരവാഹികളായ ആർ.വി. അബ്ദുറഹീം, കെ.എ. ഹാറൂൺ റഷീദ്, പി.കെ. ഷാഹുൽഹമീദ്, പി.കെ. അബൂബക്കർ, ഐ.ഐ. അബ്ദുൽ മജീദ്, സി. അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.