കൊടുങ്ങല്ലൂർ : അഴീക്കോട്- മുനമ്പം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മുനമ്പം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും തടസ്സം നീക്കാൻ റവന്യൂ വകുപ്പോ ജനപ്രതിനിധികളോ ഇടപെടാത്തത് ഗൗരവകരമായ അനാസ്ഥയാണെന്ന് അഴീക്കോട്- മുനമ്പം പാലം സമരസമിതി.
ഈ മാസം 11ന് വീണ്ടും സ്റ്റേ ഉത്തരവ് ഹർജിക്കാരന് നീട്ടിക്കൊടുത്തതോടെ ഉദ്യോഗസ്ഥരും സ്ഥല ഉടമയും തമ്മിലുള്ള അന്തർധാര മറനീക്കിയിരിക്കയാണ്. സ്റ്റേ നിലനിൽക്കുന്ന സ്ഥലത്ത് ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. ഹർജിക്കാരന്റെ ഭൂമി പുറമ്പോക്കാണെന്ന ലാൻഡ് അക്വസിഷൻ തഹസിൽദാറുടെ റിപ്പോർട്ട് കോടതിയിൽ തെളിയിച്ചാൽ സ്റ്റേ നീക്കം ചെയ്യാൻ കഴിയുമെന്നിരിക്കെ അതിന് ശ്രമിക്കാതെ സ്റ്റേ തുടരാൻ സൗകര്യം ചെയ്ത് കൊടുക്കുന്ന നടപടി ദുരൂഹമാണെന്നും സമരസമിതി കുറ്റപ്പെടുത്തി.
ധർണ നടത്തി സമര സമിതി
അഴീക്കോട് മുനമ്പം ഫെറിയിൽ ഫിറ്റ്‌നസ് ഇല്ലാതെ ബോട്ട് സർവീസ് നടത്തുകയും ഒടുവിൽ അതിന്റെ പേരിൽ സർവീസ് നിറുത്തിവയ്ക്കുകയും ചെയ്തിട്ട് ഒരാഴ്ചയായി. സുരക്ഷിതമായി ഫെറി സർവീസ് പുനരാരംഭിക്കാൻ ജില്ലാ പഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ ഉന്നയിച്ച് അഴിക്കോട് ജെട്ടിയിൽ പാലം സമര സമിതി നടത്തിയ ധർണ ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് സി.സി. സാജൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത് അദ്ധ്യക്ഷനായി. പി.എ. സീതി, ഇ.കെ. സോമൻ, കെ.എം. മുഹമ്മദുണ്ണി, സി.എച്ച്. റഷീദ്, പി.എ. കരുണാകരൻ, പി.എം. ലിയാക്കത്ത്, ഇ.എ. ഹൗവ്വ, വി.എ. നാസർ, യു.എം. അബ്ദുള്ളക്കുട്ടി, എൻ.എ. അഹമ്മദ് സാലിഹ് തുടങ്ങിയവർ പ്രസംഗിച്ചു.