കൊടുങ്ങല്ലൂർ : സർവത്ര നാശം വിതച്ച് കാറ്റും മഴയും. കൊടുങ്ങല്ലൂരിൽ നിരവധി മരങ്ങൾ നിലംപൊത്തി. പടിഞ്ഞാറെ നടയിൽ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് വളപ്പിലെ മാവ് ഒടിഞ്ഞുവീണ് നിരവധി ഇരുചക്രവാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. സമീപത്തെ ലോട്ടറി കടയ്ക്ക് നാശമുണ്ടായി. മരം വീണതോടെ പടിഞ്ഞാറേ നടയിൽ നിന്നും ഡിവൈ.എസ്.പി ഓഫീസ് ഭാഗത്തേക്കുള്ള റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സെത്തിയാണ് മരം മുറിച്ച് നീക്കിയത്. മുഗൾ മാളിനു സമീപം മരക്കൊമ്പ് ഒടിഞ്ഞുവീണ് ഓട്ടോറിക്ഷയ്ക്ക് കേടുപാടുണ്ടായി. തെക്കെ നടയിലും മരക്കൊമ്പ് ഒടിഞ്ഞുവീണു.
ഇന്നലെ ഉച്ചയോടെയാണ് അതിശക്തമായ രീതിയിൽ കാറ്റ് ആഞ്ഞടിച്ചത്. പുല്ലൂറ്റ് വില്ലേജ് വാർഡ് 16 പനങ്ങാട്ട് ദയാലിന്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിലെ മുകളിലത്തെ കെട്ടിടത്തിൽ ശക്തമായ കാറ്റിൽ മേൽക്കൂരയിലെ സീലിംഗ് അടർന്നുവീണത് ജീവനക്കാരിൽ പരിഭ്രാന്തിയുണ്ടാക്കി. പതിയാശ്ശേരി പ്രദീപിന്റെ വീട്ടിൽ അയിനി മരം കടപുഴകി വീണ് പശുതൊഴുത്ത് തകർന്നു. തൊട്ടടുത്ത മതിലിനും കേടുപാടുണ്ടായി. ഒ.കെ ഹോസ്പിറ്റലിനു തെക്ക് ഭാഗത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.


മത്സ്യത്തൊഴിലാളികൾ വലകൾ മുറിച്ചുകളഞ്ഞ് രക്ഷപ്പെട്ടു
കൊടുങ്ങല്ലൂർ: ശക്തമായി വീശിയടിച്ച കാറ്റിൽ നിന്നും രക്ഷപ്പെടാനായി മത്സ്യത്തൊഴിലാളികൾ വലകൾ മുറിച്ചുകളഞ്ഞ് വഞ്ചിയുമായി രക്ഷപ്പെട്ടു. വലിയ അപകടങ്ങളിൽ നിന്നും തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് മത്സ്യതൊഴിലാളികൾക്കുണ്ടായത്. അഴീക്കോട് ലൈറ്റ്ഹൗസിനും പൊക്ലായിക്കും ഇടയിൽ 2 നോട്ടിക്കൽ അകലെ മത്സ്യബന്ധനം നടത്തിവരുകയായിരുന്ന ടിപ്പു സുൽത്താൻ ഔട്ട്‌ബോഡ് വള്ളത്തിലെ 36 തൊഴിലാളികളാണ് വല മുറിച്ച് കളഞ്ഞ് വഞ്ചിയുമായി രക്ഷപ്പെട്ടത്. ഏഴ് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി തൊഴിലാളികൾ പറഞ്ഞു. തളിയാശ്ശേരി മുനീർ, പള്ളിപ്പറമ്പിൽ ഷിഹാബ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.