ചാലക്കുടി: കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് വിഹിതം അനുവദിക്കാത്തതുമൂലം 3 കോടിയിലേറെ രൂപ നഷ്ടമെന്ന് ചാലക്കുടി നഗരസഭ. ബഡ്ജറ്റ് വിഹിതത്തിൽ തയ്യാറാക്കി നൽകുകയും അംഗീകാരം ലഭിക്കുകയും ചെയ്ത വാർഷിക പദ്ധതികളുടെ സ്പിൽ ഓവർ തുക പൂർണ്ണമായും അനുവദിക്കണമെന്ന് കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻ വർഷത്തെ പദ്ധതി വിഹിതത്തിൽ അവസാനത്തെ ഗഡു നൽകിയിരുന്നില്ല. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കൗൺസിൽ അറിയിച്ചു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് 22 കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും അമൃത് 2 പദ്ധതിയിൽ കൂടപ്പുഴ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് 11 കെ.വി ഫീഡർലൈൻ വലിക്കുന്നതിന് 46.25 ലക്ഷവും, പൈപ്പ്‌ലൈൻ വർക്കുകളുടെ ബിൽ തുകയായി 54.51 ലക്ഷം രൂപ വാട്ടർ അതോറിറ്റിക്ക് നൽകാനും അംഗീകാരമായി. ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷനായി.
നിയമാവലിക്ക് അംഗീകാരം
ഇൻഡോർ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ട് വിവിധ ആവശ്യങ്ങൾക്ക് അനുവദിക്കുന്നതുമായ് ബന്ധപ്പെട്ട നിയമാവലിക്ക് കൗൺസിൽ അംഗീകാരം. സംസ്ഥാന, ദേശീയ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് ഗ്രൗണ്ട് സൗജന്യമായും, സംസ്‌കാരിക പരിപാടികൾക്ക് ഇളവുകളോടേയും അനുവദിക്കും. മറ്റ് ആവശ്യങ്ങൾക്ക് 5000 രൂപയും, വാണിജ്യ ആവശ്യങ്ങൾക്ക് 25000 രൂപയായിരിക്കും ഗ്രൗണ്ടിന്റെ വാടക.