വടക്കാഞ്ചേരി: ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും യാഥാർത്ഥ്യമാകാതെ പാർളിക്കാട് - വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ ബൈപാസ് റോഡ്. സി.എൻ. ബാലകൃഷ്ണൻ മന്ത്രിയായിരിക്കെയാണ് കുറാഞ്ചേരി മുതൽ വടക്കാഞ്ചേരി മേൽപ്പാലം വരെയുള്ള മൂന്നരക്കിലോമീറ്ററോളം റോഡ് ആധുനിക രീതിയിൽ ടാറിംഗിനും 75 സെന്റ് സ്ഥലം ഏറ്റെടുക്കാനുമായി ഒന്നരക്കോടി രൂപ അനുവദിച്ചത്.
റെയിൽവേ സ്റ്റേഷന് പിറകിലൂടെയുള്ള റോഡായതിനാൽ 50 ലക്ഷം രൂപ റെയിൽവേയും അനുവദിച്ചിരുന്നു. റോഡ് നിർമ്മാണം മൂന്ന് കിലോമീറ്റർ ദൂരം പിന്നിട്ടെങ്കിലും സ്ഥലം വിട്ടുകിട്ടുന്നതിന്റെ സങ്കീർണതകളിൽ കുടുങ്ങി നിലച്ചു. ക്ലേലിയ മഠത്തിന്റെയും വടക്കാഞ്ചേരി ഫൊറോന പള്ളിയുടെയും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉയർന്നത്.
നിർമ്മാണം മുടങ്ങിയതോടെ റെയിൽവേ നൽകാമെന്നേറ്റ തുക നൽകിയില്ല. സംസ്ഥാന സർക്കാർ അനുവദിച്ചതിന്റെ ബാക്കി തുക നഷ്ടമായി. പുതിയ റോഡും തകർന്ന് സാഹസിക യാത്ര നടത്തേണ്ട ഗതികേടിലാണ് വാഹനങ്ങളും കാൽനടയാത്രികരും. സ്വകാര്യ കമ്പനിയിലേക്ക് പോകുന്ന ഭാരവാഹനങ്ങൾ റോഡ് തകർച്ചയ്ക്കും ഇടയാക്കി.
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രദേശത്തെ ഏതാനും കിലോമീറ്റർ ദൂരത്താണ് റോഡ് ഏറ്റവുമധികം തകർന്നുകിടക്കുന്നത്. ഇവിടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഗർത്തങ്ങൾ പേടിച്ച് പലരും ഇതുവഴിയുള്ള യാത്ര പോലും ഉപേക്ഷിക്കുന്നുണ്ട്. ഓട്ടോറിക്ഷ പോലും ഇവിടേക്ക് ഓട്ടം പോകാറില്ല. പ്രദേശവാസികളുടെ ദുരിതം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരാതി.