പറവൂർ: ശ്രീനാരായണ ഗുരുദേവന്റെ പ്രബോധനങ്ങൾ വൈദ്യശാസ്ത്ര രംഗത്ത് നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ അർത്ഥവത്തായിരുന്നുവെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ ഡോക്ടറും പ്രവർത്തന മേഖലയിൽ അർപ്പണ ബോധത്തോടെ നിലകൊള്ളണം. അനുകമ്പയോടെയുള്ള പരിചരണം, ധാർമ്മികമായ മെഡിക്കൽ പ്രാക്ടീസ്, വൈദ്യശാസ്ത്രരംഗത്തെ സമർപ്പണം എന്നിവ ഓരോ ഡോക്ടർമാർക്കുമുണ്ടാകണം. ഡോക്ടർമാരെ വാർത്തെടുക്കുന്നതിൽ ശ്രീനാരായണ ഇൻസ്റ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ പങ്ക് സ്തുത്യർഹമാണെന്നും അദ്ദേഹം പറഞ്ഞു.
എം.ബി.ബി.എസ് 2018 ബാച്ച് ബിരുദദാന ചടങ്ങിൽ 105 ഓളം ഡോക്ടർമാർ ബിരുദം ഏറ്റുവാങ്ങി. ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ ജയകുമാർ അദ്ധ്യക്ഷനായി.
സെക്രട്ടറി സുധാകരൻ പൊള്ളശ്ശേരി, പ്രിൻസിപ്പൽ പ്രൊഫ.ഡോ.കെ.ആർ. ഇന്ദിരാകുമാരി, അമൃത വിശ്വവിദ്യാ പീഠം വൈസ് പ്രിൻസിപ്പൽ ഡോ.എ. ആനന്ദ്കുമാർ, അപ്പോളോ ഹോസ്പിറ്റൽ ചീഫ് ബിസിനസ് ഓഫീസർ ജോൺ ചാണ്ടി എന്നിവർ വിശിഷ്ടാതിഥികളായി. ഡോ.ആർ.വി. പ്രസാദ്, സജീവ ബാബു കൊമ്പാറ, കെ.കെ. കർണൻ, എൻ. മോഹനൻ, കെ.ബി. മനോജ്കുമാർ, ഡോ. സാനു, സി.പി. ഷൈലനാഥൻ, കെ.കെ. തിലകൻ എന്നിവർ പങ്കെടുത്തു.