പുതുക്കാട്: മണ്ഡലത്തിലെ പൊതു ഗതാഗതസൗകര്യം വർദ്ധിപ്പിക്കാൻ പുതിയ ബസ് റൂട്ടുകൾ കണ്ടെത്താൻ നടപടി.
പൊതുഗതാഗത മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ സംഘടിപ്പിച്ച ജനകീയ സദസിലായിരുന്നു തീരുമാനം. കെ.എസ്.ആർ.ടി.സി തൃശൂർ പുതുക്കാട് ഡിപ്പോകളിൽ നിന്ന് കൊവിഡിന് മുമ്പ് പുതുക്കാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകൾ പുനരാരംഭിക്കാനും ചിമ്മിനി ഡാം മേഖല,വെള്ളികുളങ്ങര,കോടാലി,മുപ്ലിയം,ചെങ്ങാലൂർ,വെള്ളനിക്കോട്,നെല്ലായിവയലൂർ,പാഴായി തൊട്ടിപ്പാൾ തുടങ്ങിയ വിവിധ പ്രദേശങ്ങളിലേക്കുണ്ടായിരുന്ന സർവീസ് പുനരാരംഭിക്കാനും നിർദ്ദേശമുയർന്നു. ജില്ലയിലെ പ്രഥമ ഗതാഗത ജനകീയ സദസ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം സംഘടിപ്പിച്ച യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.
മറ്റ് നിർദ്ദേശങ്ങൾ
കെ.എസ്.ആർ.ടി.സി സർവീസ് നടത്താത്ത റൂട്ടുകളിൽ പുതിയപ്രൈവറ്റ് ബസ് പെർമിറ്റ് നൽകണം.
ടോൾ പ്ലാസ സമീപപ്രദേശങ്ങളിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കണം.
മെഡിക്കൽ കോളേജിലേക്ക് നേരത്തെ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കണം.
ഓൺലൈൻ സേവനങ്ങൾക്ക് 7.24 ലക്ഷം
പുതുക്കാട് കെ.എസ്.ആർ.ടി.സിക്ക് ഓൺലൈൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരണത്തിന് എം.എൽ.എ ഫണ്ടിൽനിന്നും തുക അനുവദിക്കുമെന്നും കെ.കെ.രാമചന്ദ്രൻ എം.എൽ.എ. ഇന്റർനെറ്റ്,കമ്പ്യൂട്ടറിനും അനുബന്ധ ഉപകരണങ്ങൾക്കുമായി 7.24 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.