മാള : പഞ്ചായത്തിന്റെ ആസ്തിയിൽപ്പെടാത്ത സ്വകാര്യ റോഡിൽ ടൈൽ വിരിച്ചതിനെപ്പറ്റി അന്വേഷിക്കാൻ ജില്ലാ ഓംബുഡ്‌സ്മാൻ അഡ്വ. അബ്ദുൾ അസീസ് സ്ഥലത്തെത്തി. 17-ാം വാർഡിലെ മാള കിഴക്കനങ്ങാടി- മാമ്പുള്ളി റോഡിലാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും അഞ്ച് ലക്ഷം രൂപയോളം ചെലവാക്കി ടൈൽ വിരിച്ചത്. പഞ്ചായത്തിന്റെ ആസ്തിയിൽപ്പെടാത്ത സ്വകാര്യ റോഡാണിത്. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോയ് മാതിരപ്പിള്ളിയാണ് ജില്ലാ ഓംബുഡ്‌സ്മാന് പരാതി നൽകിയത്. നിർമ്മാണം കഴിഞ്ഞ് മാസങ്ങളായെങ്കിലും റോഡിന്റെ ഉടമസ്ഥർ സ്ഥലത്തില്ലാതിരുന്നതിനാൽ ടൈൽ വിരിച്ചത് അവരും അറിഞ്ഞിരുന്നില്ല. ഓംബുഡ്‌സ്മാൻ അന്വേഷണത്തിന് എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്കുതല ഉദ്യോഗസ്ഥർ, തൊഴിലുറപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരും എത്തിയിരുന്നു.