ollur

തൃശൂർ: മനുഷ്യ - വന്യമൃഗ ഏറ്റുമുട്ടൽ ഫലപ്രദമായി നേരിടുന്നതിന് പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ ആധുനിക സംവിധാനം ഉപയോഗിച്ച് പരിഹാരമുണ്ടാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഒല്ലൂക്കരയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവർത്തനത്തിൽ പിന്നാക്കം പോകാതിരിക്കാൻ മാസത്തിലൊരിക്കൽ മൂന്ന് (പുത്തൂർ, പാണഞ്ചേരി, മാടക്കത്തറ) പഞ്ചായത്ത് പ്രസിഡന്റുമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിതി വിലയിരുത്തണം. വന്യമൃഗ ആക്രമണം നേരിട്ടവർക്ക് മെച്ചപ്പെട്ട ധനസഹായം നൽകിയിട്ടുണ്ട്. മരംമുറിക്കുന്നതിന് 64ലെ പട്ടയപ്രകാരമുള്ള ചട്ടം, ജന്മം കൊണ്ടും ലഭിക്കാവുന്ന വിധത്തിൽ ആർജ്ജിക്കാനുള്ള അവകാശമാക്കി മാറ്റാനുള്ള ഭേദഗതി ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആഴത്തിൽ പരിശോധിച്ചാൽ നീതികരിക്കാവുന്ന വിഷയങ്ങളിൽ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാനാകണം. അങ്ങനെയെങ്കിൽ നിസാര തർക്കങ്ങൾക്ക് വേഗം പരിഹരിക്കാമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഉണ്ണിക്കൃഷ്ണൻ, പി.പി. രവീന്ദ്രൻ, ഇന്ദിര മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.