തൃശൂർ : സംസ്ഥാനത്ത് സ്ഥലം മാറ്റ പകപോക്കലാണ് നടക്കുന്നതെന്ന് കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യനും ജനറൽ സെക്രട്ടറി വി.എം.ഷൈനും പ്രസ്താവനയിൽ ആരോപിച്ചു. സഹകരണ വകുപ്പിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി പോലും ലംഘിച്ച് അസി. രജിസ്ട്രാർ, അസി.ഡയറക്ടർ വിഭാഗത്തിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്. സർക്കാർ ഉത്തരവ് ലംഘിച്ച് പ്രതികാര സ്ഥലം മാറ്റമുണ്ടായപ്പോൾ ഒരു കൂട്ടം ജീവനക്കാർ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വന്തം ജില്ലയിൽ ഒഴിവുള്ള സ്ഥാനത്ത് നിയമനം നൽകണമെന്ന വിധി ഉണ്ടായിരുന്നു. ഇത് മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു സ്ഥലം മാറ്റം. സ്ഥലം മാറ്റ ഉത്തരവ് റദ്ദ് ചെയ്യണമെന്നും ഇവർ പ്രസ്താവനയിൽ പറഞ്ഞു.