1
1

അന്തിക്കാട് : ചാഴൂർ, താന്ന്യം, അരിമ്പൂർ, അന്തിക്കാട്, മണലൂർ പഞ്ചായത്തുകളിൽ ആഴ്ചകളായി വെള്ളക്കെട്ടിന് വഴിവച്ച കാഞ്ഞാണി കാഞ്ഞാൺ കോൾ ബണ്ടിലെ സ്ലൂയിസിന്റെ താഴ്ഭാഗത്ത് ആപ്പ് അടിച്ചു കയറ്റി സ്ഥാപിച്ച രണ്ട് പാത്തികൾ ജനപ്രതിനിധികൾ ഇടപെട്ട് പൊളിച്ചുനീക്കി. സ്ലൂയിസിന്റെ അടിയിൽ നാല് പാത്തികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ട്പാത്തികൾ നീക്കുകയും ബാക്കിയുള്ള രണ്ടെണ്ണം സ്ലൂയിസിന്റെ അടിയിൽ ആപ്പുവച്ച് ആർക്കും ഊരിയെടുക്കാൻ കഴിയാത്തവിധം സ്ഥാപിച്ച നിലയിലാണ് കണ്ടെത്തിയത്. മുകൾപരപ്പിലെ രണ്ട് പാത്തികൾ അധികൃതരുടെ കണ്ണിൽ മണ്ണിടാനെന്നോണം അഴിച്ചുമാറ്റുകയും താഴെയുള്ള രണ്ട് എണ്ണം നിലനിറുത്തുകയും ചെയ്തതോടെയാണ് അഞ്ച് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമായതും പല വീടുകളിലും വെള്ളം കയറിയതും.

മഴ നിലച്ചിട്ടും മാറാതെ വെള്ളക്കെട്ട്
മഴ നിലച്ചിട്ടും മനക്കൊടി-പുള്ള് റോഡിൽ വെള്ളക്കെട്ട് മാറാത്ത സാഹചര്യം ഉണ്ടായതോടെയാണ് തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീനാനന്ദൻ, വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത്, കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന സംഘം കാഞ്ഞാൺ കോൾ സ്ലൂയിസിന്റെ അടിയിൽ പരിശോധന നടത്തിയതും പാത്തികൾ കണ്ടെത്തിയതും. ഇന്നലെ രാവിലെ ആരംഭിച്ച ശ്രമത്തിനൊടുവിൽ പന്ത്രണ്ടരയോടെയാണ് രഹസ്യ പാളികൾ നീക്കാനായത്. ഇതോടെ അഞ്ച് പഞ്ചായത്തുകളിലെയും വെള്ളക്കെട്ടിന് പരിഹാരമാകും.