തൃശൂർ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ധന്യ പണം തട്ടിയെടുത്തത് അഞ്ച് വർഷം കൊണ്ട്. പ്രതി താമസിച്ചിരുന്ന വലപ്പാട്ടെ വീട്ടിൽ പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തട്ടിപ്പ് നടത്തിയ പണം ധൂർത്തിനും ആഡംബരത്തിനുമാണ് ചെലവഴിച്ചത്. രണ്ട് കോടിയുടെ റമ്മി ഇടപാട് വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻകം ടാക്സും വിവരം തേടി. 2 കൊല്ലത്തിന് മുൻപ് ധന്യ വലപ്പാട് വീടിന് മുന്നിലെ അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. എന്നാൽ ഭൂമിയുടെ രജിസ്ട്രേഷൻ നടത്തിയിട്ടില്ല. തട്ടിപ്പിന് പിന്നാലെ വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതായും പറയുന്നു.
കൊല്ലത്തെ വീട് നിർമ്മാണം പൂർത്തിയായതേയുള്ളൂ. ഐ.ടി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇവർ ഈ മേഖലയിൽ ഏറെ പ്രാഗത്ഭ്യമുള്ളവർ ചെയ്യുന്ന മാർഗ്ഗമുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പറയുന്നു. 20 ഓളം കോടിയുടെ തട്ടിപ്പാണ് നടത്തിയത്. കമ്പനിയുടെ ഡിജിറ്റൽ പേഴ്‌സണൽ ലോൺ അക്കൗണ്ടിൽ നിന്നാണ് എ.ജി.എം, ധന്യ മോഹൻ പണം തട്ടിയത്. 18 വർഷമായി ഇവർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്. ഓൺ ലൈൻ ലോണുകളിലൂടെ തട്ടിപ്പ് നടത്തിയ ശേഷം ഉപയോഗിച്ച രേഖകൾ പിന്നാലെ മായ്ച്ചുകളയും.2020 മേയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജലോൺ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്‌സണൽ ലോൺ അക്കൗണ്ടിൽ നിന്നും അഞ്ച് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തായിരുന്നു തട്ടിപ്പ്. ഓഫീസിലെ കീഴ് ജീവനക്കാർക്ക് ഐ ഫോൺ അടക്കമുള്ളവ സമ്മാനമായി നൽകിയതായും പറയപ്പെടുന്നു. ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടിയാരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ.രാജു, വലപ്പാട് സി.ഐ എം.കെ.രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.