പാലപ്പിള്ളി : ഒന്നിന് പിറകെ മറ്റൊന്നായി വരിയായി കാട്ടാനക്കൂട്ടം സഞ്ചരിച്ചത് കൗതുകക്കാഴ്ചയായി. കുട്ടികൾ ഉൾപ്പെടെ പതിനഞ്ച് ആനകളാണ് തോട്ടം തൊഴിലാളികൾക്കും പ്രദേശവാസികൾക്കും കാഴ്ചയുടെ വിരുന്നൊരുക്കിയത്. കാരിക്കുളത്ത് പരുന്തുപറയിൽ വനത്തോട് ചേർന്ന തേക്ക് തോട്ടത്തിൽ ഏറെ സമയം മേഞ്ഞുനടന്ന ആനക്കൂട്ടം പിന്നീട് ഹാരിസൺ മലയാളം കമ്പനിയുടെ റിപ്ലാന്റ് നടത്തിയ തോട്ടത്തിലൂടെ വരിവരിയായി പുത്തേക്ക് സഞ്ചരിക്കുന്ന ദൃശ്യം പകർത്താൻ നാട്ടുകാർ മത്സരിച്ചു. ഏറെ നാളായി പരുന്തുപാറയിൽ കാട്ടാനകളെത്താറില്ലായിരുന്നു. ഇടവേളയ്ക്ക് ശേഷം കൂട്ടമായെത്തിയപ്പോൾ കാഴ്ച മനോഹരമായി. ഏറെ സമയത്തിന് ശേഷം ആനക്കൂട്ടം വനത്തിൽ കയറി.