s-c-college

തൃപ്രയാർ : നാട്ടിക ശ്രീനാരായണ കോളേജ് വളപ്പിൽ ഇനി നെല്ല് വിളയും. അത്ഭുതപ്പെടേണ്ട, നാട്ടിക ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കോളേജിനോട് ചേർന്ന് കിടക്കുന്ന തരിശ് ഭൂമിയിൽ കരനെൽക്കൃഷിക്ക് തുടക്കമിട്ടത്. നാട്ടിക കൃഷിഭവനും നന്ദിനി കൃഷിക്കൂട്ടവുമാണ് ഇവർക്ക് വേണ്ട കാർഷിക ഉപദേശങ്ങൾ നൽകുന്നത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എല്ലായിടവും കൃഷിയിടമാക്കുക, എല്ലാവരും കൃഷിക്കാരാവുക എന്ന ദൗത്യവുമായി നാട്ടിക എസ്.എൻ കോളേജിലെ രണ്ട് എൻ.എസ്.എസ് യൂണിറ്റുകളാണ് കൃഷിക്ക് ചുക്കാൻ പിടിക്കുന്നത്.
കരനെൽക്കൃഷിയുടെ വിത്ത് വിതയ്ക്കൽ എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുരേഷ് ഇയ്യാനി അദ്ധ്യക്ഷനായി. എൻ.വി. ശുഭ, ബി. ബബിത, ഡോ. വി.കെ. രമ്യ, പി.സി. ബാബു, എ.ബി. ശിൽപ്പ എന്നിവർ സംസാരിച്ചു.

വിതച്ചത് മനുരത്‌ന വിത്ത്
അത്യുത്പാദന ശേഷിയും ഏറെ ഗുണവുമുള്ള മനുരത്‌ന വിത്താണ് ഇവിടെ ഇറക്കിയത്. രണ്ടാംഘട്ടമായി കോളേജിലെ 50 സെന്റ് സ്ഥലത്ത് പച്ചക്കറിക്കൃഷിയും ഉടൻ ആരംഭിക്കും. കോളേജിന് പുറത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി കൃഷി വ്യാപിപ്പിക്കാനാണ് കൃഷിക്കൂട്ടായ്മയുടെ അടുത്ത ലക്ഷ്യം. പുതുതലമുറയെ മണ്ണിന്റെ മണവും മനസ്സുമറിയുന്നവരാക്കി വളർത്തുന്നതിലൂടെ പുതിയ കാർഷിക സംസ്‌കാരത്തിന് കൂടി വിത്തിടുകയാണ് നാട്ടിക എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്.