കൊടുങ്ങല്ലൂർ : സർക്കാർ പുറത്തുവിട്ട ഉദ്യോഗസ്ഥരുടെ സമുദായം തിരിച്ചുള്ള കണക്ക് പ്രകാരം കേരളത്തിലെ സവർണ സമുദായങ്ങൾ ബഹുഭൂരിപക്ഷം ഉദ്യോഗങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നും പി.എസ്.സിയിലടക്കം സവർണർക്കായി മാറ്റിവച്ച സംവരണം സർക്കാർ പിൻവലിക്കണമെന്നും ജാതി സെൻസസ് നടപ്പാക്കണമെന്നും കൊടുങ്ങല്ലൂർ എസ്.എൻ ക്ലബ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജാതിസെൻസസ് നടപ്പാക്കുന്ന കാര്യത്തിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ പി.കെ. സത്യശീലൻ അദ്ധ്യക്ഷനായി. ജയപ്രകാശ് മണ്ടത്ര, വി.വി. രവി, ടി.ഡി. വിജയകുമാർ, ഗീത സത്യൻ, സി.വി. മോഹൻകുമാർ, മുരുകൻ പൊന്നത്ത്, ദനേഷ് ലാൽ, പാർത്ഥസാരഥി തുടങ്ങിയവർ സംസാരിച്ചു.