1
1

കൊടുങ്ങല്ലൂർ: മുങ്ങിമരണങ്ങൾക്ക് തടയിടാനായി ശ്രീനാരായണപുരം ക്ഷേത്രക്കുളത്തിൽ ജീവൻരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചു. ദുരന്ത നിവാരണ രംഗത്തെ സ്വതന്ത്ര ഏജൻസിയായ ഐ.ആർ.ഡബ്‌ളിയു കൊടുങ്ങല്ലൂർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ക്ഷേത്രക്കുളത്തിൽ ജീവൻരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടെ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രക്കുളത്തിൽ ജീവൻരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചത്. അപകടം ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
എറിയാട് ചേരമാൻ കുളം, മതിലകം പഞ്ചായത്ത് കുളം, ക്ഷേത്രക്കുളങ്ങൾ, പള്ളിക്കുളങ്ങൾ എന്നിവിടങ്ങളിലും ജീവൻരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാൻ ഐ.ആർ.ഡബ്‌ളിയു കൊടുങ്ങല്ലൂർ ഗ്രൂപ്പിന് ഉദ്ദേശമുണ്ട്. ജീവൻരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ആർ.ഡബ്ലി.യു ജില്ലാ ലീഡർ ഒ.എം. നിയാസ് അദ്ധ്യക്ഷനായി. എം.എസ്. മോഹനൻ, ജിബി മോൾ, ടി.കെ. രമേഷ് ബാബു, എം.എസ്. മോഹൻദാസ്, എം.ബി. ഫസൽ ഹഖ്, അബ്ബാസ് മാള എന്നിവർ സംസാരിച്ചു. പി.എ. നിസാർ ജലരക്ഷാ ഉപകരണങ്ങളുടെ ഡെമോൺസ്‌ട്രേഷൻ നടത്തി.

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഉപകരണങ്ങൾ
ഉപകരണങ്ങളെല്ലാം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിലുള്ളതാണ്. വായ മൂടിക്കെട്ടിയ പ്ലാസ്റ്റിക്ക് കുടങ്ങൾ പരസ്പരം ഘടിപ്പിച്ചതും പ്ലാസ്റ്റിക് ബോട്ടിലുകൾ കെട്ടിയ ജാക്കറ്റുകളും എയർ നിറഞ്ഞ വാഹനങ്ങളുടെ ട്യൂബുകളും മറ്റുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആരെങ്കിലും ജലാശയങ്ങളിൽ അപകടത്തിൽപെട്ടാൽ വടിയോ തുണിയോ കയറോ നീട്ടിക്കൊടുക്കുകയോ കയറോ മറ്റ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വസ്തുക്കളോ എറിഞ്ഞു കൊടുക്കുകയോ ചെയ്താൽ ആളെ രക്ഷപ്പെടുത്താൻ കഴിയും വിധമാണ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ളത്.