dam

വടക്കാഞ്ചേരി: കനത്ത മഴയിൽ ജലസമ്പന്നമായ വാഴാനി ഡാം തുറന്നു. പീച്ചി ഡാം ഇന്ന് തുറക്കും. സ്പിൽവേ ഷട്ടറുകൾ നാലെണ്ണമാണ് തുറന്നത്. 62. 48 മീറ്റർ സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് 60. 83 മീറ്ററിലെത്തിയതോടെയാണ് ഇന്നലെ രാവിലെ 11ന് വാഴാനി ഡാം തുറന്നത്. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും നിലവിലെ ജലനിരപ്പ് റൂൾകർവിനേക്കാൾ കൂടുതൽ ആയതിനാൽ അധികജലം പുഴയിലേക്ക് ഒഴുക്കി വിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ഇന്ന് രാവിലെ ഏഴിന് പീച്ചി ഡാമിന്റെ റിവർ സ്ലുയിസ് തുറന്ന് പരമാവധി 0.5 മില്ലി മീറ്റർ ക്യൂബിക് ജലം കെ.എസ്.ഇ.ബിക്ക് വൈദ്യുതി ഉല്പാദനത്തിന് നൽകുന്നതിനും തുടർന്ന് ജലം പുഴയിലേക്ക് ഒഴുക്കി വിടാനുമാണ് തീരുമാനം. നിലവിലെ ജലനിരപ്പ് 77.54 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്.

ജാഗ്രതാ നിർദ്ദേശം

വാഴാനി ഡാം തുറന്നതോടെ വടക്കാഞ്ചേരി പുഴയിലെ ജലനിരപ്പ് ഉയർന്നു. കളക്ടർ അർജുൻ പാണ്ഡ്യൻ ജാഗ്രത പ്രഖാപിച്ചു. പീച്ചി ഡാം തുറന്നാൽ പുഴയിലേക്ക് അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

പെരിങ്ങൽക്കുത്തും തുറന്നു

ചാലക്കുടി: കനത്ത നീരൊഴുക്ക് തുടരുന്നതിനിടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു. ശനിയാഴ്ച രാവിലെ മുതൽ ആറടി വീതം വെള്ളമാണ് ചാലക്കുടിപ്പുഴയിലേയ്ക്ക് ഒഴുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പുഴയ്ക്ക് ഭീഷണിയില്ല. കേരള ഷോളയാറിൽ 52 ശതമാനം വെള്ളമുണ്ട്. അപ്പർ ഷോളയാർ ഡാം നിറഞ്ഞ് പറമ്പിക്കുളം ഡാമിലേയ്ക്ക് വെള്ളം വിടുന്നുണ്ട്.