തൃശൂർ: ഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാ ബാങ്കായ സംഗീത നാടക അക്കാഡമിയുടെ കേരള ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് നിലവിൽ വന്നു. കേരള സംഗീത നാടക അക്കാഡമിയുടെ പരിധിയിലുള്ള വിവിധ കലാമേഖലകളിൽ പ്രശംസനീയമായ സംഭാവനകൾ നൽകിയ കലാകാരരെ കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക്. ഇന്ത്യയിൽ സർക്കാർ മേഖലയിൽ ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ട ആദ്യ സ്ഥാപനമാണ് സംഗീത നാടക അക്കാഡമി. പുരസ്‌കാര സമർപ്പണ ചടങ്ങിലാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അക്കാഡമി വെബ്‌സൈറ്റിന്റെയും ആർട്ടിസ്റ്റ് ഡാറ്റാബാങ്കിന്റെയും ഉദ്ഘാടനം നിർവഹിച്ചത്. 20 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഡാറ്റാ ബാങ്കിൽ പേര് ചേർക്കാൻ അവസരം. ഡാറ്റാ ബാങ്കിലേക്കുള്ള വിവരങ്ങൾ ഓഫ് ലൈനായി സ്വീകരിക്കുന്നതല്ല. കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളി കലാകാരർക്ക് ഡാറ്റാ ബാങ്കിൽ പേര് ചേർക്കാം. നേരിട്ടോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾ വഴിയോ ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം. വരും മാസങ്ങളിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കലാകാരരുടെ പ്രൊഫൈൽ പൊതുജനങ്ങൾക്ക് വ്യൂ ചെയ്യാനാകും.

വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം

അക്കാഡമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralasangeethanatakaakademi.in ൽ കയറി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് എന്ന ലിങ്ക് വഴി ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകി കലാകാരർക്ക് ആർട്ടിസ്റ്റ് ബാങ്കിന്റെ ഭാഗമാകാം. ഗൂഗിൾ ഫോമിൽ 41 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകി സബ്മിറ്റ് ബട്ടൺ അമർത്തിയാൽ ഡാറ്റാ ബാങ്കിലേക്കുള്ള വിവരണ സമർപ്പണത്തിന്റെ പ്രാഥമികഘട്ടം പൂർത്തിയാകും. അക്കാഡമിയിലെ വിദഗ്ദ്ധപാനൽ ഗൂഗിൾ ഫോം പരിശോധിച്ച്, ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ യോഗ്യമാണോയെന്ന് തീരുമാനിക്കും. ഈ പരിശോധനയും പൂർത്തിയായ ശേഷമാണ് ഡാറ്റാ ബാങ്കിലേക്ക് വിവരങ്ങൾ ഉൾപ്പെടുത്തുക.

ഭാവിയിൽ സർക്കാർ സേവനങ്ങളും ആനൂകൂല്യങ്ങളും കലാകാരന്മാർക്ക് ലഭിക്കാനുള്ള പ്രാഥമിക സ്രോതസായി ഡാറ്റാ ബാങ്ക് മാറും

കരിവെള്ളൂർ മുരളി

അക്കാഡമി സെക്രട്ടറി