തൃശൂർ: ആയുർവേദത്തിന്റെ ഉന്നമനത്തിനും വികാസത്തിനും നിരവധി പദ്ധതികൾ ആരോഗ്യ സർവകലാശാല നടപ്പാക്കുന്നുണ്ടെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സർവകലാശാലയിൽ നിന്നും സ്ഥാനമൊഴിഞ്ഞ രജിസ്ട്രാർ ഡോ. എ.കെ. മനോജ് കുമാറിന് യാത്രഅയപ്പും രജിസ്ട്രാർ ഡോ. എസ്. ഗോപകുമാറിന് സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജ്ഞാന ഉത്പാദനത്തിനും വ്യാപനത്തിനുമാണ് ആയുർവേദത്തിന്റെ എല്ലാ മേഖലകളിലും സർവകലാശാല ഇടപെടുന്നത്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതകുമാരി ഡോ. എം.എസ്. വല്യത്താൻ അനുസ്മരണപ്രഭാഷണം നടത്തി.
മികച്ച ഗവേഷകനുള്ള അന്തർദേശീയ പുരസ്‌കാരം നേടിയ ഡോ. കെ.ബി. സുധികുമാറിനെ ആദരിച്ചു. ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ അദ്ധ്യക്ഷനായി. ഡോ. എസ്. ഗോപകുമാർ, ഡോ. എ.കെ. മനോജ്കുമാർ, അഷ്ടവൈദ്യൻ ഇ.ടി. നീലകണ്ഠൻ മൂസ്, ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ടി.കെ. ഹൃദീക്, ഡോ. സി. രത്‌നാകരൻ, ഡോ. എം. അർജുൻ, ഡോ. വിജയൻ നങ്ങേലിൽ, ഡോ. ഡി. ജയൻ, ഡോ. ഇ. ഉണ്ണിക്കൃഷ്ണൻ, ഡോ. ഷിബു വർഗീസ്, വൈദ്യആദർശ്. സി. രവി, ഇ.പി.ബി. രജിതൻ തുടങ്ങിയവർ പ്രസംഗിച്ചു.